st

കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കാത്തതിന്റെ പേരിൽ വൈദികരെ വിലക്കിയാലും നടപടിയെടുത്താലും സിനഡുമായുണ്ടാക്കിയ ധാരണയിൽ നിന്ന് അതിരൂപത മൊത്തം പിന്മാറുമെന്ന് വൈദികരും അൽമായ മുന്നേറ്റവും അറിയിച്ചു. ജനാഭിമുഖം ഔദ്യോഗിക കുർബാനയായി അംഗീകരിക്കുകയെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വൈദികരുടെ സംഘടനയായ അതിരൂപതാ സംരക്ഷണ സമിതിയും വിശ്വാസികളുടെ സംഘടനയായ അൽമായ മുന്നേറ്റവും അറിയിച്ചു.

രണ്ടുദിവസം നീണ്ട ചർച്ചകൾക്കൊ‌ടുവിലാണ് കുർബാനത്തർത്തിന് താത്കാലിക പരിഹാരമായത്. ഇന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കാനിരിക്കെയാണ് ധാരണ.

 ധാരണകൾ
ഇന്ന് മുതൽ അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത കുർബാനയെങ്കിലും അർപ്പിക്കണം
അത്തരം ദേവാലയങ്ങളിൽ നിലവിലെ രീതി തുടരാം
അതിരൂപതയിലെ ആലോചനാസമിതി, പ്രസ്ബിറ്ററൽ കൗൺസിൽ, പാസ്റ്ററൽ കൗൺസിൽ എന്നിവയുമായി ചർച്ച നടത്തും
കാനോനികസമിതികളുടെ രൂപീകരണവും ഡീക്കന്മാരുടെ വൈദികപ്പട്ടം നൽകലും സമിതികളുടെ അനുവാദത്തോടെ നടത്താം

 നടപടി അനുവദിക്കില്ല

മറ്റു ദിവസങ്ങളിൽ ജനാഭിമുഖമായി തുടരാമെന്നത് ആശ്വാസകരമാണെന്ന് അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ പ്രശ്നമുണ്ടാകുന്നിടത്ത് ജനാഭിമുഖ കുർബാന മാത്രമായിരിക്കും അർപ്പിക്കുക. ഏകീകൃത കുർബാനയിൽ ആരും പങ്കെടുക്കുന്നില്ലെങ്കിൽ ജനാഭിമുഖ കുർബാന ചൊല്ലും. വൈദികർക്കെതിരെ നടപടിയെടുത്താലും വിലക്കിയാലും ധാരണയിൽ നിന്ന് പിന്മാറുമെന്ന് സമിതി അറിയിച്ചു.

 നടപടി വേണം

ഏകീകൃത കുർബാന അർപ്പിക്കാത്ത ഫൊറോനാ വികാരിമാർ, തീർത്ഥാടന കേന്ദ്രം റെക്ടർമാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംയുക്തസഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. ജോസ് വൈലിക്കോടത്ത്, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ സഭയിൽ തുടരാൻ അനുവദിക്കരുതെന്ന് ചെയർമാൻ മത്തായി മുതിരേന്തി പറഞ്ഞു.

പോരാട്ടം തുടരും

ജനാഭിമുഖ കുർബാന അതിരൂപതയുടെ ഔദ്യോഗിക കുർബാനയായി പ്രഖ്യാപിക്കുക. ഭൂമിയിടപാടിലെ നഷ്ടം ഈടാക്കുക. വിശ്വാസികൾക്ക് പങ്കാളിത്തമുള്ള സഭാസംവിധാനം രൂപപ്പെടുത്തുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി പോരാട്ടം തുടരുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.

ഏകീകൃത രീതി

ആമുഖം, വചനശുശ്രൂഷ എന്നിവ ജനാഭിമുഖം ചൊല്ലും. ബലിയർപ്പിക്കുമ്പോൾ വൈദികൻ അൾത്താരയ്ക്ക് അഭിമുഖമാകും. അർപ്പണ സമാപനവും കൃതജ്ഞതാ പ്രാർത്ഥനയും ആശിർവാദവും വീണ്ടും ജനാഭിമുഖത്തിൽ ചൊല്ലും.