കോലഞ്ചേരി: ഇടവിട്ടുവരുന്ന മഴയും വെയിലും പനിബാധിതരുടെ എണ്ണം കൂട്ടുന്നു. കെട്ടിക്കിടക്കുന്ന വെള്ളം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഡെങ്കിപ്പനിക്ക് സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ദധർ മുന്നറിയിപ്പ് നൽകുന്നു. കോലഞ്ചേരി മേഖലയിൽ ഡെങ്കിപ്രതിരോധം ശക്തമാക്കി. കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ കഴിയാതെ വന്നതോടെ പരിസരശുചീകരണം നിലച്ച മട്ടാണ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. അതിനാൽ അവയെ പ്രതിരോധിക്കാനുള്ള നടപടികൾ ജനം കൈക്കൊള്ളണമെന്ന് അധികൃതർ അറിയിച്ചു. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനാൽ ആഴ്ചതോറും ഉറവിട നശീകരണം ചെയ്യണമെന്നാണ് പൊതുജനങ്ങളോട് ആരോഗ്യ വകുപ്പിന്റെ നിർദേശം.

ഉറവിടനശീകരണ മാർഗ്ഗങ്ങൾ

വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക

 റബർതോട്ടങ്ങളിലെ ചിരട്ടകളിലും വീടുകളിലെ പരിസരപ്രദേശങ്ങളിൽ കെട്ടികിടക്കുന്ന വെള്ളത്തിലും കൊതുക് വളരാനുള്ള സാഹചര്യം ഒരുക്കും. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആയി ആചരിച്ച് ഇത്തരം പ്രദേശങ്ങൾ വൃത്തിയാക്കുക

പൈനാപ്പിളിന്റെ കൂമ്പ്, റബർ തോട്ടങ്ങളിൽ വീണുകിടക്കുന്നതും ടാപ്പിംഗിനുശേഷം കമിഴ്ത്തി വെയ്ക്കാത്തതുമായ ചിരട്ടകൾ, റബർ തോട്ടങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്​റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവ യഥാസമയം നീക്കം ചെയ്യുക.

സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചയിലൊരിക്കൽ ഉറവിടനശീകരണം നടത്തണം.

പൂച്ചെട്ടികളിൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക

 മണിപ്ലാന്റ് പോലെയുള്ള അലങ്കാരച്ചെടികൾ വെയ്ക്കുന്ന ചട്ടികളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്രുക

 ഉപയോഗിക്കാത്ത ക്ലോസ​റ്റ് ആഴ്ചയിലൊരിക്കൽ ഫ്ലഷ് ചെയ്യുക

 റബർ തോട്ടത്തിന്റെ 200 മീ​റ്റർ ചു​റ്റളവിൽ മാലിന്യങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുത്തുക