വൈപ്പിൻ: വൈപ്പിൻ ദ്വീപിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികൾ ആവശ്യപ്പെട്ട് സർവ്വ രാഷ്ട്രീയ കക്ഷികളും സമര രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ എടവനക്കാട് പഴങ്ങാട്, അണിയിൽ ഭാഗങ്ങളിൽ കടൽ അടിച്ചു കയറി 150 ഓളം വീടുകളും തീരദേശ റോഡും വെള്ളത്തിലായിരുന്നു. തുടർന്നാണ് സർവ കക്ഷികളും സമരം കടുപ്പിച്ചത്. കടൽക്ഷോഭത്തിനെതിരെയുള്ള സമരം രാഷ്ട്രീയപ്പോരിലേക്കും വഴി തുറക്കുകയാണ്.
കോൺഗ്രസ് ഭരിക്കുന്ന എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ വൈപ്പിൻ മുനമ്പം സംസ്ഥാന പാത ഉപരോധിച്ചും പിറ്റേന്ന് പഞ്ചായത്ത് തലത്തിൽ ഹർത്താൽ നടത്തിയും സമരം മുറുക്കി. എസ്.ഡി.പി.ഐ. പോലെയുള്ള പ്രാദേശിക സ്വാധീനമുള്ള കക്ഷികളും രംഗത്തിറങ്ങി. തുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഒന്നിന് രാവിലെ മുതൽ പിറ്റേന്ന് രാവിലെ വരെ 24 മണിക്കൂർ രാപ്പകൽ സമരം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സമരം ഉദ്ഘാടനം ചെയ്തു. എം.എൽ.എയും മുൻ എം.എൽ.എയുമുൾപ്പെടെ വൈപ്പിൻ കരയിലെ പ്രമുഖ നേതാക്കൾ എല്ലാം സമരത്തിൽ പങ്കെടുത്തു.
ഉടൻ കോൺഗ്രസ് അവരുടെ അടുത്ത സമരം പ്രഖ്യാപിച്ചു. 5ന് എം.എൽ.എ ഓഫീസ് ഉപരോധിക്കും. ഇതിനിടെ എടവനക്കാട് കേന്ദ്രീകരിച്ച് മറ്റ് പല സംഘടനകളും തങ്ങളുടേതായ സമരപരിപാടികൾ നടത്തുന്നുണ്ട്.
ടെട്രാപോഡിനായി മുറവിളി
20 വർഷം മുൻപ് നടന്ന സുനാമിയോടെയാണ് എടവനക്കാട് പ്രദേശം കടൽ ക്ഷോഭത്തിന് ഇരയാകുന്നത്. അന്ന് 5 പേരാണ് മരണമടഞ്ഞത്. തുടർന്ന് സംസ്ഥാനത്തും പഞ്ചായത്തിലും മിക്ക കക്ഷികളും മാറി മാറി ഭരണം നടത്തി. പല പ്രഖ്യാപനങ്ങളും തുടരെ തുടരെ ഉണ്ടായി. ജിയോബാഗ് സ്ഥാപിക്കൽ, പുലിമുട്ട് സ്ഥാപിക്കൽ തുടങ്ങിയവയും ഇടക്കിടെ ഉണ്ടായി. പക്ഷേ കടൽ ക്ഷോഭത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായില്ല. തീരദേശത്ത് പുലിമുട്ട്, ചെല്ലാനം മോഡൽ ടെട്രാപോഡ് പുലിമുട്ട് എന്നിവ സ്ഥാപിച്ച് തീരസംരക്ഷണം ഉറപ്പാക്കുക. ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായപ്പോൾ പ്രദേശവാസികളുടെ സമരത്തെ തുടർന്ന് കോടികൾ ചെലവാക്കിയാണ് അവിടെ ടെട്രാപോഡ് സ്ഥാപിച്ചത്. എടവനക്കാട്ടും ടെട്രാപോഡ് വേണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.