പറവൂർ: കോവിഡ് കാലത്ത് നിലച്ചുപോയ ഗോതുരുത്ത് - കുറമ്പത്തുരുത്ത് ബോട്ട് സർവീസ് പുനരാരംഭിച്ചു. വരുമാനം കുറഞ്ഞതിനാൽ കരാറുകാർ സർവീസ് ഏറ്റെടുക്കാതിരിക്കുകയായിരുന്നു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് മാസം അമ്പതിനായിരം രൂപ നൽകിയാണ് ബോട്ട് സർവീസ് പുനരാരംഭിച്ചത്. മുൻകാലങ്ങളിൽ ടെൻഡർ നൽകി പഞ്ചായത്തിന് വരുമാനം ലഭിച്ചിരുന്ന ബോട്ട് സർവീസാണ് ഇപ്പോൾ ബോട്ടുടമയ്ക്ക് തുക നൽകി സർവീസ് തുടങ്ങിയിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെയാണ് സർവീസ്. ഇരുചക്രവാഹനങ്ങൾ ബോട്ടിൽ കയറ്റാനാകും. കുറുമ്പത്തുരുത്ത് പ്രദേശത്തുള്ളവർക്ക് പറവൂർ ഭാഗത്തേയ്ക്ക് എത്തുവാനുള്ള ഏളുപ്പമാർഗമാണ് ഈ ബോട്ട് സർവീസ്. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ ഷൈബി തോമസ്, ഷിപ്പി സെബാസ്റ്റ്യൻ, ജാൻസി ഫ്രാൻസിസ്, ഫസൽ റഹ്മാൻ, ദിവ്യ ഉണ്ണികൃഷ്ണൻ, ശ്രീദേവി സുരേഷ്, വിപിൻ എന്നിവർ സംസാരിച്ചു.