pett

മൂവാറ്റുപുഴ: 16-ാം വാർഡിലെപേട്ട അങ്കണവാടിയിലേക്ക് വഴി നാട്ടുകാർക്ക് നൽകുന്നത് ദുരിതയാത്രയാണ്. മഴക്കാലമായാൽ റോഡിന് സമീപത്തെ തോട്ടിലെ മലിനജലം കവിഞ്ഞൊഴുകി റോഡ് തോടാകും. ആരക്കുഴ റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ഇതിലൂടെയാണ് ഒഴുകിവരുന്നത്. മലിനജലം റോഡിലേക്ക് ഒഴുകിയെത്തുന്നതിനാൽ ഈച്ചയുടേയും കൊതുകിന്റേയും ശല്യം സഹിക്കാൻ വയ്യാതായെന്ന് പേട്ടാനിവാസികൾ പറയുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണിത്. നാട്ടിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മലിനജലം റോഡിലൂടെ ഒഴുകിയെത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി വാർഡുസഭകളിൽ ഈ വിഷയം ചർച്ചചെയ്യുകയും മിനിട്ട്സിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഗരസഭാ സെക്രട്ടറിക്ക് പരാതിയും നൽകിയതായി പ്രദേശവാസികൾ പറയുന്നു. വീണ്ടും തദ്ദേശവാസികൾ മെമ്മോറാണ്ടം തയ്യാറാക്കി നഗരസഭ ചെയർമാൻ പി.പി.എൽദോസിന് നൽകാനുള്ള തീരുമാനത്തിലാണ്. ഇതുകൊണ്ടും പരിഹാരമായില്ലെങ്കിൽ നഗരസഭയിലേക്ക് പേട്ട നിവാസികൾ ജനകീയ മാർച്ച് നടത്തുമെന്ന് നാട്ടുകാർ പറയുന്നു.

പേട്ട നിവാസികളുടെ ദുരിത ജീവിതത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ ഏത് സമരത്തിന്റെ മുന്നിലുണ്ടാകും

വി.എ. ജാഫർ സാദിക്ക്

വാർഡ് കൗൺസിലർ