ഫോർട്ടുകൊച്ചി: സ്ഥലസൗകര്യമില്ലാതെ വീർപ്പ് മുട്ടുകയാണ് ഫോർട്ടുകൊച്ചിയിലെ റവന്യൂവകുപ്പിന്റെ പ്രധാന ഓഫീസുകൾ. കൊച്ചി താലൂക്ക് ഓഫീസും ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസുമാണ് സ്ഥലപരിമിതിയുടെ നടുവിൽ വീർപ്പ് മുട്ടുന്നത്.രണ്ട് ഓഫീസുകളും പ്രവർത്തിക്കുന്നത് ഒരേ കെട്ടിടത്തിലാണ്. താഴെ താലൂക്ക് ഓഫീസും മുകളിൽ ആർ.ഡി.ഒ ഓഫീസും. നൂറ്റിയമ്പതിലേറെ ജീവനക്കാരാണ് രണ്ട് ഓഫീസുകളിലുമായി ജോലിചെയ്യുന്നത്. ജീവനക്കാർ പരിമിതമായ സൗകര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ്. ഇത് ഇവരുടെ ജോലിയിലെ കാര്യക്ഷമതയേയും ബാധിക്കുന്നുണ്ട്. ഒരു കോൺഫറൻസ് ഹാൾ പോലും ഇവിടെയില്ല. താലൂക്ക് വികസനസമിതി ഉൾപ്പെടെയുള്ള യോഗങ്ങൾ ചേരുന്നത് തഹസിൽദാരുടെ മുറിയിലാണ്. റെക്കോർഡുകൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുടെ കുറവും ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ഓഫീസ് മാത്രം പ്രവർത്തിക്കാവുന്ന വിധത്തിലാണ് ഈ കെട്ടിടം. നിലവിൽ ലീസ് കുടിശികയെത്തുടർന്ന് റവന്യൂവകുപ്പ് ഭാഗികമായി ഏറ്റെടുത്ത ആസ്പിൻവാൾ ഹൗസിലേക്ക് ആർ.ഡി.ഒ ഓഫീസ് മാറ്റുകയാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാം. ആർ.ഡി.ഒ ഓഫീസ്,താലൂക്ക് ഓഫീസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇങ്ങോട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊച്ചി തഹസിൽദാർ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു.

* മാറ്റാം ആർ.ഡി.ഒ ഓഫീസ്

1.30 ഏക്കർ വിസ്തൃതിയുള്ളതാണ് ആസ്പിൻവാൾ ഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലം. ഇവിടെ മനോഹരമായ കെട്ടിടങ്ങളുണ്ട്. അതിനായി പ്രത്യേകം പണം ചെലവഴിക്കേണ്ട.

മികച്ച പാർക്കിംഗ് സൗകര്യം.

ആർ.ഡി.ഒയ്ക്ക് താമസത്തിനും സൗകര്യം.

പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദം

കോടികൾ വിലമതിക്കുന്ന ഈ കെട്ടിടം സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്. ആസ്പിൻ വാൾ ഹൗസ് കെട്ടിടത്തിൽ ആർ.ഡി.ഒ ഓഫിസോ താലൂക്ക് ഓഫീസോ പ്രവർത്തിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.

കെ.ബി ഹനീഫ്,

ടി.എം അബു സാംസ്കാരികവേദി പ്രസിഡന്റ്