photo

വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റ് ബീച്ച്, നായരമ്പലം ഹെർബർട്ട് ,ചെറിയ കടമക്കുടി പാലങ്ങൾക്കായുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ നടപടി ഉടൻ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തിരുവനന്തപുരത്ത് മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന എറണാകുളം ജില്ല റവന്യൂ അസംബ്ലിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നിവേദനത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.

മുനമ്പത്ത് നിർദ്ദേശിക്കപ്പെട്ട ഡീസലിനേഷൻ പ്ലാന്റിന് ആവശ്യമായ ഭൂമിയുടെ റീസർവേ സ്‌കെച്ച്, ഗ്രൂപ്പ് സ്‌കെച്ച്, പെർമിറ്റ് അനുമതി എന്നിവ ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്ററിന്റെ സ്ഥലമെടുപ്പ് പൂർത്തിയാക്കുക, നിലം പുരയിടമാക്കാൻ സമർപ്പിച്ച അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അനുഭാവപൂർണമായ ക്രമീകരണം ഉണ്ടാകും.

കടമക്കുടി വില്ലേജ് ഓഫീസിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും കൊച്ചി, കണയന്നൂർ താലൂക്കുകളിലെ പട്ടയ അപേക്ഷകളിൽ വ്യക്തമായ മറുപടി ലഭ്യമാക്കണമെന്നും പള്ളിപ്പുറത്തെ വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നിവേദനത്തിൽ പറയുന്നു.

പള്ളിപ്പുറം കച്ചേരിപ്പടി, എളങ്കുന്നപ്പുഴ മാലിപ്പുറം മൈതാനങ്ങൾ റവന്യൂവകുപ്പിന്റെ കൈവശമിരിക്കുന്നതിനാൽ വികസനത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും എൻ.ഒ.സി. ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും വലിയ കടമക്കുടി ചാത്തനാട് പാലത്തിന്റെ അപ്രോച്ച് റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള പുനരധിവാസ ഭൂമിയുടെ മാർക്കറ്റ് ഫെയർവാല്യൂ വിവരങ്ങൾ ലഭ്യമാക്കണമെന്നും എം.എൽ.എയുടെ നിവേദനത്തിൽ ആവശ്യപ്പെടുന്നു.