puzha

മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ ശുദ്ധ ജലസ്രോതസായ മൂവാറ്റുപുഴയാറിന്റെ തീരത്ത് വീണ്ടും വ്യാപക കയ്യേറ്റങ്ങൾ. പുഴയിലേക്ക് മണ്ണിട്ട ശേഷം മാസങ്ങൾ കഴിഞ്ഞു ഭിത്തി കെട്ടിപ്പൊക്കുന്നത് പതിവായിരിക്കുകയാണ്. മൂവാറ്റുപുഴ പി.ഒ ജംഗ്ഷൻ പബ്ലിക് പാർക്കിനോട് ചേർന്നാണ് ഏറ്റവും കൂടുതൽ കയ്യേറ്റം നടക്കുന്നത്. ഇതോടെ പുഴയുടെ വീതി പലയിടത്തും ഇല്ലാതായി. ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് കയ്യേറ്റം നടക്കുന്നതെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിച്ചു. പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന കയ്യേറ്റങ്ങൾ അടിയന്തിരമായി തടയണമെന്നും ഗ്രീൻ പീപ്പിൾ ആവശ്യപ്പെട്ടു. അധികാരികൾ കണ്ണടക്കുകയാണെന്നും കയ്യേറ്റക്കാർക്ക് എതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും പ്രദേശവാസികളും ആവശ്യപ്പെടുന്നു. പതിവായി പ്രളയം ഉണ്ടാകുന്നതിനാൽ പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന നിർദ്ദേശം ഉയരുന്നതിനിടെയാണ് കയ്യേറ്റങ്ങൾ.

കയ്യേറ്റം കാരണം പുഴയിലെ സ്വാഭാവിക ശുദ്ധീകരണ ഘടകങ്ങളായ ജലജീവികളും സസ്യജാലങ്ങളും നശിക്കും. ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്.

അസീസ് കുന്നപ്പിള്ളി

ഗ്രീൻ പീപ്പിൾ പ്രവർത്തകൻ