വൈപ്പിൻ:നായരമ്പലം ഭഗവതി ക്ഷേത്രത്തിന് മുൻപിലുള്ള രണ്ട് കടകളിൽ മോഷണം. പിഎഎം. സ്റ്റോഴ്‌സ്, സമീപത്തെ ബജി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പൂട്ട് തകർത്ത് അകത്തു കയറിയ കള്ളൻ പി.എ.എം സ്‌റ്റോഴ്‌സിൽ നിന്ന് 10,000 രൂപയും ലോട്ടറിടിക്കറ്റുകളും മോഷ്ടിച്ചു. പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് കടന്നശേഷം ഉള്ളിലെ ഷട്ടറിന്റെ താഴറുത്ത് മാറ്റുകയായിരുന്നു. 2 കമ്പി വടികളും കണ്ടെത്തി. ഇന്നലെ പുലർച്ചെ 2.39 നാണ് സംഭവം. മുഖം മറക്കാതെ പ്രവേശിച്ച ശേഷം ഹെൽമറ്റ് ധരിച്ചാണ് പണം കവർന്നത്. കടയിലെ സി.സി.ടിവിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ചെറായി, ഇല്ലത്തുപടി, എടവനക്കാട് അണിയിൽ എന്നിവിടങ്ങളിൽ നേരത്തെ നടന്ന മോഷണങ്ങളും ഇയാളാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിൻ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.