കൊച്ചി: യുവാവിനെ റിസോർട്ടിൽ തടഞ്ഞുവച്ച് മർദ്ദിച്ച് ആഡംബര കാറുമാറി കടന്ന കേസിൽ വിവാദമായ 'നമ്പർ 18' കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ സന്യാസി 15 ലക്ഷം രൂപ നമ്പർ 18 കേസിൽ നിന്നടക്കം രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് കൈക്കാലാക്കിട്ടും യാതൊരുവിധ സഹായവും ചെയ്യാത്തതിന്റ വിരോധത്തിലാണ് ഇയാൾ ഇടപാടിലെ ഇടനിലക്കാരനെ ആക്രമിച്ചത്. കുണ്ടന്നൂർ സ്വദേശിയായ 40കാരനാണ് മർദ്ദനത്തിന് ഇരയായത്. ഇയാളുടെ പരാതിയിലാണ് അറസ്റ്റ്. കൊല്ലത്തെ വീട്ടിൽനിന്ന് ഇന്നലെ രാവിലെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സൈജു തങ്കച്ചന് പുറമേ സുഹൃത്തായ റെയീസിനും യുവതിക്കെതിരെയും എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഇവരെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞമാസം 23ന് പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സന്യാസിയുൾപ്പെട്ട വിവരവും നാടകീയ സംഭവങ്ങളും പൊലീസ് അറിഞ്ഞത്. നമ്പർ 18 കേസിൽ സൈജു പിടിയിലായതിന് പിന്നാലെയാണ് സന്യാസി എല്ലാ കേസുകളിൽനിന്നും രക്ഷപ്പെടുത്താമെന്നേറ്റ് സഹോദരനിൽനിന്ന് 15ലക്ഷംരൂപ വാങ്ങിയത്. കുണ്ടന്നൂർ സ്വദേശിയായിരുന്നു ഇടനിലക്കാരൻ. പണം നൽകിയിട്ടും കേസ് മുറുകിയതല്ലാതെ രക്ഷപ്പെടാൻ സാദ്ധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതോടെ സന്യാസി തങ്ങളെ കബളിപ്പിച്ചതാണെന്ന് പ്രതി ഉറപ്പിച്ചു.
നൽകിയ പണം തിരിച്ചുകിട്ടാൻ കുണ്ടന്നൂർ സ്വദേശിയെ വീടിന്റെ ഇലക്ട്രിക്കൽ ജോലികൾ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനാണെന്ന വ്യാജേനെ ചിലവന്നൂരിലെ ഒരു റിസോർട്ടിലേക്ക് വിളിച്ചുവരുത്തി.ആദ്യത്തെ നിലയിലെ രണ്ടാമത്തെ മുറിയിൽ ഇയാളെ ബന്ദിയാക്കിയാണ് മർദ്ദിച്ചത്. സൈജു വടികൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ചെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കുണ്ടന്നൂർ സ്വദേശിയുടെ പരാതി. ഇയാളുടെ ഭാര്യയുടെ പേരിലുള്ള കാറാണ് തട്ടിയെടുത്തത്. സംഭവത്തിൽ സൈജുവിനും കൂട്ടാളികൾക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ ജില്ല വിട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.