സിനിമയുടെ ലോകത്താണ് ജീവിതമെങ്കിലും ആരും അറിയാതെപോയൊരു കഥയിലെ അപൂർവ നായികയാണ് ജയ കാമത്ത്. ഒരു സിനിമയിലും അഭിനയിക്കാത്ത, '16 എം.എം സിനിമാ ചരിത്ര"ത്തിലെ ആദ്യത്തെയും അവസാനത്തെയും നായിക! സിനിമയിലെ ഒരു കാലഘട്ടത്തെ സ്വന്തം ജീവിതത്തോടു ചേർത്തുവച്ച ഈ എഴുപത്തിയൊന്നുകാരി തിരിഞ്ഞുനോക്കുമ്പോൾ, മരണമില്ലാത്ത നിത്യഹരിത നായികാ നായകന്മാർ ഓടിയെത്തി കഥകളുടെ കെട്ടഴിക്കുന്നു. എറണാകുളം നഗരത്തിലെ എച്ച്.ബി.കെ മ്യൂസിയമെന്ന ചരിത്രമുറങ്ങുന്ന തറവാട്ടിലെത്തിയാൽ കാലം മറക്കാത്ത ഒരുപാട് കാഴ്ചകൾ കാട്ടിത്തരും, ഈ വീട്ടുകാരി!
ഉത്സവപ്പറമ്പുകളിലും സ്കൂളുകളിലും 16 എം.എം പ്രൊജക്ടറുകളുമായെത്തി സിനിമകൾ കാണിച്ചിരുന്ന ബ്ലാക് ആൻഡ് വൈറ്റ് ചരിത്രമാണ് ഇവിടെയുള്ളത്. ഇരുപതു വയസ് തികയുംമുമ്പേ എച്ച്. ബാലകൃഷ്ണ കാമത്തിന്റെ ഭാര്യയായി തിരുവനന്തപുരം പൂജപ്പുരയിൽ നിന്ന് എറണാകുളത്തെത്തിയ ജയ വലതുകാൽവച്ചു കയറിയത് പ്രൊജക്ടറുകളുടെയും റീലുകളുടെയും തറവാട്ടിലേക്കായിരുന്നു. അന്നുമുതൽ ഇന്നുവരെ ഒപ്പമുണ്ട്, ഒരിക്കലും മരിക്കാത്ത നായികാ നായകന്മാർ. ഓർമ്മകൾ ഉറങ്ങുന്ന പ്രൊജക്ടറുകളിലെ റീലുകൾ ഒന്നു കറങ്ങിയാൽ സത്യനും പ്രേംനസീറും ഉൾപ്പെടെയുള്ള താരങ്ങൾ മുന്നിലെത്തും. കാലത്തിനു പിന്നിലേക്കു കറങ്ങുന്ന റീലുകൾ പുതിയ തലമുറയെ ബ്ലാക് ആൻഡ് വൈറ്റ് ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
1972 മുതൽ 2015-ൽ ഭർത്താവ് മരിക്കുംവരെ താമസിച്ച വീട് മ്യൂസിയമാക്കി ഓർമ്മകളെ ജീവനുള്ള ബിംബങ്ങളാക്കുകയാണ് ജയ കാമത്ത്. മക്കളില്ലാത്ത ഈ അമ്മ ഭാവിതലമുറയ്ക്കായി കൈമാറുകയാണ് ഈ അമൂല്യ സമ്പാദ്യം. ഭർത്താവിന്റെ മരണശേഷം ആലുവയിൽ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറേണ്ടിവന്ന ജയ, ആഴ്ചകൾക്കു ശേഷം ഇവിടെയെത്തിയപ്പോൾ കണ്ട കാഴ്ച കരയിക്കുന്നതായിരുന്നു. ചിതലും എലിയും കുടിയേറിയ വീട്ടിലെ പലതും നശിച്ചുതുടങ്ങിയിരുന്നു. വീടും പരിസരവും വൃത്തിയാക്കാൻ വിശ്വസിച്ച് ഏൽപ്പിച്ചവർ ഈ സമ്പാദ്യത്തിന്റെ വിലയറിയാതെ പലതും കത്തിച്ചുകളഞ്ഞപ്പോൾ ശേഷിച്ചവ വീണ്ടെടുക്കാൻ ജയ മുന്നിട്ടിറങ്ങുകയായിരുന്നു. തുടർന്നായിരുന്നു എച്ച്.ബി.കെ മ്യൂസിയത്തിന്റെ പിറവി.
ഭർത്താവിനുള്ള
സമർപ്പണം
ഓർമ്മകൾ കറങ്ങുന്ന 16 എം.എം പ്രൊജക്ടറുകളിലെ റീലുകളിൽ ഉറങ്ങുന്ന പഴയകാല നായികാ നായകന്മാർക്കിടയിലിരുന്ന് ജയ കാമത്ത് പറയുന്നു: ഭർത്താവിനുള്ള എന്റെ സമർപ്പണമാണ് ഈ മ്യൂസിയം. ഡിജിറ്റൽ യുഗത്തിൽ കാലഹരണപ്പെട്ട പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഒരുകാലത്ത് ആയിരങ്ങളുടെ ആവേശമായിരുന്നു. തിയേറ്ററുകൾ കുറവായിരുന്ന കാലത്ത് ഈ ഉപകരണങ്ങളുമായി ചെന്നിരുന്ന 'സിനിമാക്കാരെ" ഉത്സവപ്പറമ്പുകളിലും മറ്റും സിനിമാതാരങ്ങളെപ്പോലെയാണ് നാട്ടുകാർ വരവേറ്റിരുന്നത്. പത്രക്കടലാസും തോർത്തുമൊക്കെ വിരിച്ച് നിലത്തും കയ്യാലപ്പുറത്തുമിരുന്ന് സിനിമ കണ്ടിരുന്നവർ, സ്ക്രീനിൽ എത്തിയ സത്യനെയും പ്രേംനസീറിനെയുമൊക്കെ കൈയടിച്ചും വിസിലടിച്ചും സ്വീകരിച്ചു. കുടുംബചിത്രങ്ങൾക്കായിരുന്നു കൂടുതൽ ബുക്കിംഗ്.
വിദേശ കമ്പനികളുടെ അടക്കം അഞ്ച് പ്രൊജക്ടറുകൾ, സ്റ്റെപ് ഡൗൺ, പലതരം ലെൻസുകൾ, നോട്ടീസ് അച്ചടിക്കുന്ന ബ്ലോക്കുകൾ, 35എം.എം, 16 എം.എം, 8 എം.എം റീലുകൾ, ഭാർഗവീനിലയം, പളുങ്കുപാത്രം, ആൽമരം, പൂജാപുഷ്പം, നാടോടികൾ എന്നീ സിനിമകളുടെയടക്കം അക്കാലത്തെ പോസ്റ്ററുകൾ, സിനിമയുടെ കഥാസംഗ്രഹമുള്ള പുസ്തകങ്ങൾ, റീവൈൻഡർ, സ്പീക്കറുകൾ, ഡിസ്നി സിനിമ പുറത്തിറക്കിയ 8 എം.എം ജംഗിൾ ബുക്ക്, എന്നിവയ്ക്കു പുറമേ ഭർത്താവിന്റെ പുസ്തകശേഖരവും ജയയുടെ മ്യൂസിയത്തിലുണ്ട്. അറ്റകുറ്റപ്പണി നടത്തിയാൽ പ്രൊജക്ടറുകൾ പ്രവർത്തിക്കും. നാടോടികൾ, ഭാർഗവീനിലയം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ ഓടിയ പ്രൊജക്ടറുകളാണ് ഇവ.
ലാഭമോ മറ്റു നേട്ടങ്ങളോ പ്രതീക്ഷിക്കാതെ സിനിമയ്ക്കായി ജീവിച്ച ജയ കാമത്തിനെക്കുറിച്ച് വൈകാതെ ഒരു സിനിമയിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഈ ദമ്പതികളുടെ ജീവിതം സിനിമയുടെ ചരിത്രം കൂടിയായതിനാൽ പല താരങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്യാമറാമാനും ഡോക്യുമെന്ററി സംവിധായകനുമായ എളമക്കര സ്വദേശി വി.കെ.സുഭാഷാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മൺമറഞ്ഞ സുവർണ കാലഘട്ടത്തെ പുനരാവിഷ്കരിക്കാൻ ഒരമ്മ നടത്തുന്ന ശ്രമങ്ങളാണ് ഇതിവൃത്തം. ഷീല അടക്കമുള്ള പ്രമുഖ താരങ്ങൾ പരിഗണനയിലാണ്.
ആദ്യം കൗതുകം,
പിന്നെ ജീവിതം
കൊച്ചിയിൽ, ഏലൂരിലെ ടി.സി.സിയിൽ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണ കാമത്ത് 1969-ൽ ഒരു സുഹൃത്തിനൊപ്പമാണ് 16 എം.എം. സിനിമകളുടെ ലോകത്തെത്തിയത്. പിന്നീടത് ജീവിതമായി. ഉത്സവപ്പറമ്പുകൾ, പള്ളി മൈതാനങ്ങൾ, സ്കൂളുകൾ, തൊഴിലാളി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 16 എം.എം സിനിമകൾ പ്രദർശിപ്പിക്കാൻ കേരളമാകെ യാത്ര ചെയ്യേണ്ടിവന്നു. അദ്ദേഹത്തിനത് ഉല്ലാസയാത്രകളായിരുന്നു. 1972-ൽ ജയ ജീവിതത്തിലേക്ക് എത്തിയതോടെ ഇരുവരും ഒരുമിച്ചായി യാത്ര. സിനിമ കാണാനും നാട്ടുകാരുടെ ആവേശം കാണാനുമൊക്കെ കഴിഞ്ഞിരുന്ന ആ യാത്രകൾ ഏറെയിഷ്ടപ്പെട്ടു. ഫിലിം ലോഡ് ചെയ്യുന്നതടക്കമുള്ള സാങ്കേതികകാര്യങ്ങൾ വളരെവേഗം പഠിച്ചു. കുറഞ്ഞ വോൾട്ടേജിലാണ് 16 എം.എം പ്രൊജക്ടർ പ്രവർത്തിക്കുക. ഇതിനായി സ്റ്റെപ് ഡൗൺ ഉപയോഗിക്കും. പ്രൊജക്ടറുകൾ പ്രവർത്തിപ്പിക്കാനും പൊട്ടിയ ഫിലിം റോൾ ഒട്ടിക്കാനും അറിയാവുന്ന ജയയ്ക്ക് അടിയന്തരഘട്ടത്തിൽ ചെറിയ അറ്റകുറ്റപ്പണിയും അറിയാം.
കൈയടിയും
കണ്ണീരും
മദ്രാസ്, ബോംബെ, കൽക്കട്ട എന്നിവിടങ്ങളിൽ പോയി പ്രമുഖ കമ്പനികളിൽ നിന്ന് സിനിമാ റീലുകൾ വാടകയ്ക്കെടുത്തായിരുന്നു പ്രദർശനം. ജനറൽ, ഭാരത്, സുദർശൻ, നാഷണൽ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, തുടങ്ങിയ പ്രമുഖ കമ്പനികളുടെ ചിത്രങ്ങളായിരുന്നു ഏറെയും. സിനിമയ്ക്കു പുറമേ, ചാൾസ് രാജകുമാരന്റെ വിവാഹവും ഒളിമ്പിക്സും 16 എം.എം. പ്രൊജക്ടറിൽ വിവിധ വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹിന്ദി സിനിമകൾക്കും ആരാധകർ ഏറെയായിരുന്നു. ദിലീപ് കുമാറിന്റെയും രാജ്കുമാറിന്റെയും അമിതാഭ് ബച്ചന്റെയുമൊക്കെ സിനിമകൾ നാട്ടിൻപുറങ്ങളിൽ നിറഞ്ഞ സദസിലോടി. പ്യാസ, അഭിമാൻ എന്നിവയാണ് ഓർമ്മയിലുള്ള ചില ഹിന്ദിചിത്രങ്ങൾ. ഒട്ടേറെ സദസുകളിൽ ഇവ പ്രദർശിപ്പിച്ചു.
ഭാഷ അറിയില്ലെങ്കിലും നായകന്റെ ഇടിവെട്ട് ഡയലോഗുകൾ കേട്ട് കൈയടിക്കുകയും നായികയുടെ സങ്കടങ്ങൾ കണ്ട് കണ്ണുതുടയ്ക്കുകയും ചെയ്യുമായിരുന്നു, ആരാധകർ. റേഡിയോ പോലും അപൂർവമായിരുന്ന അക്കാലത്ത് തങ്ങളെ തേടിയെത്തുന്ന താരങ്ങളെ സ്ക്രീനിലെ നിഴൽരൂപങ്ങളായി ആരും കണ്ടിരുന്നില്ല. ഹിന്ദിയിലെയും തമിഴിലെയും എല്ലാ താരങ്ങളും മലയാളികൾക്ക് സുപരിചിതരായിരുന്നു. നാട്ടിൻപുറങ്ങളിലെ സാധാരണക്കാർക്ക് മദിരാശി അടക്കമുള്ള നഗരങ്ങൾ കാണാനുള്ള അവസരം കൂടിയായിരുന്നു സിനിമകൾ.
തിയേറ്ററുകളിൽ പരമാവധി ഓടിയ ശേഷമുള്ള സിനിമകളാണ് ഇവർക്കു കിട്ടിയിരുന്നത്. നടന്മാരെ സൂപ്പർതാരങ്ങളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഇവർ സിനിമാലോകത്ത് രണ്ടാംനിരക്കാരായിരുന്നു. എങ്കിലും സങ്കടമില്ല; സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംനേടാൻ കഴിഞ്ഞു. ഒരു തിയേറ്റർ മുതലാളിക്കും കിട്ടാത്ത ഭാഗ്യം. ഓരോ സിനിമയുടെയും കഥാസംഗ്രഹമുള്ള ചെറുപുസ്തകങ്ങൾ വായിച്ചുനോക്കിയാണ് സംഘാടകർ സിനിമകൾ ബുക്ക് ചെയ്തിരുന്നത്. കഥ, സ്റ്റണ്ട്, ഗാനങ്ങൾ എന്നിവയെല്ലാം നോക്കിയിരുന്നു.
ജോലി ഉപേക്ഷിച്ച്
സിനിമായാത്ര
ഗണിതശാസ്ത്രത്തിൽ ബിരുദമുള്ള ജയ ജോലി കിട്ടിയിട്ടും വേണ്ടെന്നുവച്ച് ഭർത്താവിന്റെ സഹയാത്രികയായി പ്രൊജക്ടറുകളുടെ ലോകത്ത് സജീവമാവുകയായിരുന്നു. പഠിച്ചിറങ്ങിയ ഉടൻ ജോലി കിട്ടിയെങ്കിലും സ്വീകരിക്കാൻ തോന്നിയില്ല. സിനിമയോട് അത്രയേറെ അടുത്തിരുന്നു. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്തിയില്ല. സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
ഫിലിം യൂണിറ്റുമായി ബസിലും ജീപ്പിലുമൊക്കെ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്നത് ജയയ്ക്കു മറക്കാനാവില്ല. യൂണിറ്റിലെ വനിതയെന്ന നിലയിൽ എല്ലാവരും പ്രത്യേക പരിഗണന നൽകി. ഇടുക്കിയിലെ ആർച്ച് ഡാം നിർമ്മാണവേളയിൽ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ഉത്തരേന്ത്യൻ തൊഴിലാളികൾക്കായി ഹിന്ദി ചിത്രങ്ങൾ കാണിച്ചപ്പോഴെല്ലാം ജയ പോയിരുന്നു. തൊഴിലാളികൾക്ക് സിനിമ കാണാൻ അവിടെ മറ്റ് അവസരങ്ങരങ്ങളൊന്നും അന്നില്ലായിരുന്നു.
കറന്റ് പോയാലോ ഫിലിം പൊട്ടിയാലോ കൂവലോ ബഹളമോ ഇല്ല. ഷോ മുടങ്ങിയ അനുഭവമില്ല. സിനിമകളേക്കാൾ ഹിറ്റായ ഗാനങ്ങൾ അക്കാലത്തെ പ്രത്യേകതയായിരുന്നു. മുഹമ്മദ് റഫി, മുകേഷ്, കിഷോർ കുമാർ, ലതാ മങ്കേഷ്കർ തുടങ്ങിയവരുടെ ഗാനങ്ങൾ മൂളാത്ത മലയാളികൾ ഇല്ലായിരുന്നു. സിനിമ എത്രയൊക്കെ പുരോഗമിച്ചാലും അറുപതുകളിലെയും എഴുപതുകളിലെയും ചിത്രങ്ങളോളം വരുമോയെന്ന് ജയയ്ക്ക് സംശയം.
ഓർമ്മകളുടെ
ചിത്രപേടകം
എറണാകുളം എം. ജി റോഡിനരികെ നെട്ടേപാടം റോഡിലെ അഞ്ചു സെന്റ് സ്ഥലത്തിന് കോടികൾ വിലമതിക്കുമെങ്കിലും പഴയ വീട് അതേപടി സംരക്ഷിച്ച് ഭർത്താവിന്റെ അദൃശ്യ സാന്നിദ്ധ്യമുള്ള മ്യൂസിയമാക്കാൻ ജയ തീരുമാനിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കും ചലച്ചിത്ര പ്രവർത്തകർക്കും പ്രയോജപ്പെടുന്ന കേന്ദ്രമാക്കണമെന്നാണ് ആഗ്രഹം. വീടിനോടു ചേർന്ന് ചർച്ചകൾക്കും മറ്റുമായി ഒരു വേദി നിർമ്മിക്കും. കൈയിലുള്ള സമ്പാദ്യത്തിലേറെയും നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവായി. സ്ഥലം വാങ്ങാൻ റിയൽ എസ്റ്റേറ്റുകാർ പലതവണ നേരിട്ടും ഇടനിലക്കാർ വഴിയും സമീപിച്ചെങ്കിലും വഴങ്ങിയില്ല.
മൂന്നു മുറികളിലായി ഒരുക്കിയ മ്യൂസിയത്തിൽ വിലമതിക്കാനാവാത്ത സാധനങ്ങളുണ്ടെന്ന് ഈ അമ്മ വിശ്വസിക്കുന്നു. ഒരു നോട്ടീസ് പോലും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നാണ് ആഗ്രഹം. ചെണ്ടമേളത്തോടെ സിനിമാ നോട്ടീസുകൾ വിതരണം ചെയ്തിരുന്ന കാലഘട്ടത്തിലെ നോട്ടീസുകളാണിവ. ഓലമേഞ്ഞ കൊട്ടകകളിൽ ഇടവേളകളിൽ നിലക്കടലയ്ക്കും ഇഞ്ചിമിഠായിക്കുമൊപ്പം വിൽപ്പന നടത്തിയിരുന്ന പാട്ടുപുസ്തകത്തെക്കുറിച്ചും പുതിയ തലമുറയ്ക്ക് അറിവുണ്ടാകില്ല. തിയേറ്ററുകളിൽപ്പോലും നിലത്ത് മണലിലിരുന്ന് സിനിമ കണ്ടവർക്ക് ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നു, ഈ മ്യൂസിയം.
അതിഥിയായി
'വിശുദ്ധൻ"
ബാലകൃഷ്ണ കാമത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്ന സിനിമാ രംഗത്തെ 'വിശുദ്ധനായ കലാപകാരി" ജോൺ എബ്രഹാം വീട്ടിൽ ഇടയ്ക്കിടെ എത്തുമായിരുന്നു. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതെന്നോ എത്ര നേരമുണ്ടാകുമെന്നോ പറയാനാവില്ല. ദിവസവും സമയവുമൊന്നും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. ചിലപ്പോൾ മണിക്കൂറുകളോളം സംസാരിച്ചിരിക്കും. മറ്റു ചിലപ്പോൾ എന്തൊക്കെയോ ആലോചിച്ച് വെറുതെയിരിക്കും. ശാന്തപ്രകൃതമായിരുന്നു. ലോകസിനിമയെക്കുറിച്ച് ജോണിന്റെയും ഭർത്താവിന്റെയും അറിവുകൾ മനസിലാക്കിയത് അപ്പോഴാണ്. ഭർത്താവിന്റെ വിപുലമായ പുസ്തക ശേഖരവും ജോണിനെ ആകർഷിച്ചിരുന്നു.
സാധാരണക്കാരന്റെ പക്ഷത്തുനിന്ന് വ്യവസ്ഥിതിയോട് കലഹിച്ചിരുന്ന അദ്ദേഹത്തിന് 16 എം.എം സിനിമകളോട് വലിയ താത്പര്യമായിരുന്നു. ഇവയ്ക്ക് കൂടുതൽ സ്വീകാര്യതയുണ്ടാകണമെന്നും പറയുമായിരുന്നു. ജനകീയ സിനിമകളുടെയും നാടകങ്ങളുടെയും സാദ്ധ്യതകൾ അദ്ദേഹം പങ്കുവച്ചിരുന്നു. അമ്മ അറിയാൻ, അഗ്രഹാരത്തിൽ കഴുത, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നീ ചിത്രങ്ങൾ ജയ കണ്ടിട്ടുണ്ട്. എച്ച്.ബി.കെ മ്യൂസിയത്തിലെ 16 എം.എം പ്രൊജക്ടർ കറങ്ങിത്തുടങ്ങുകയാണ്. വെളിച്ചമണയുന്നു. ചുവരിൽ വീണ വെളിച്ചത്തിന്റെ ചതുരഫ്രെയിമിൽ 'വരയും കുറിയും" തീർക്കുന്ന വിചിത്രഭാഷയുടെ വിളയാട്ടം കഴിഞ്ഞ്, അവിടെ നസീറും സത്യനും ശാരദയുമൊക്കെ പ്രത്യക്ഷരാകുന്നു. പതിയെപ്പതിയെ പ്രൊജക്ടറിന്റെ ശബ്ദം മാഞ്ഞുപോകുന്നു. സ്കീനിൽ കഥയുടെ ചതുരം മാത്രം. പ്രൊജക്ടറിനു പിന്നിൽ, ഇരുട്ടിൽ ഈ കഥയിലൊന്നുമില്ലാത്തൊരു നായികയുടെ മുഖത്ത് കൗതുകത്തിന്റെ നക്ഷത്രങ്ങൾ വീണ്ടും കൺതുറക്കുന്നു...