കൊച്ചി: ഒരു മണിക്കൂറിൽ തീർക്കാവുന്ന ആവശ്യത്തിന് ദിവസം മൂന്ന് ആർ.ടി.ഒ ഓഫീസിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയല്ല കാരണം. മറിച്ച് എറണാകുളം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ കസേരകൾ നാലുമാസമായി ആളില്ലാത്തതാണ് കാരണം. മേലുദ്യോഗസ്ഥരുടെ അഭാവം ഓഫീസിന്റെ ആകെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയാണ്.
നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അധികച്ചുമതല നൽകിയാണ് തട്ടിയും മുട്ടിയും ഓരോ ദിവസവും കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ചിലാണ് ആർ.ടി.ഒയായിരുന്ന ജി. അനന്തകൃഷ്ണൻ തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയായി സ്ഥലംമാറി പോയത്. പകരം ആളെ നിയമിച്ചില്ലെന്ന് മാത്രമല്ല, ജോയിന്റ് ആർ.ടി.ഒ ആയിരുന്ന ആർ. സുരേഷ് തൊട്ടുപിന്നാലെ വയനാട് ആർ.ടി.ഒയായി സ്ഥാനക്കയറ്റം ലഭിച്ച് ജില്ലവിട്ടു. മാർച്ച് മുതൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. മനോജിനാണ് ആർ.ടി.ഒയുടെ അധികച്ചുമതല. ജോലിഭാരം മൂലം ഉദ്യോഗസ്ഥർ നട്ടംതിരിയുകയാണ്.
പിടിപ്പതു പണി
വാഹന രജിസ്ട്രേഷൻ, വാഹന പരിശോധന, ഫിറ്റ്‌നസ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ്... ഇങ്ങിനെ നീളുന്നതാണ് ആർ.ടി.ഒ ഓഫീസിനു കീഴിലെ ഡ്യൂട്ടികൾ. തലപ്പത്തുള്ളവർ ഇല്ലാത്തതോടെ വാഹന പരിശോധനയിലടക്കം ഉഴപ്പൻ മട്ടാണ്.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ കീഴിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനങ്ങൾ. മട്ടാഞ്ചേരി, അങ്കമാലി ജോയിന്റ് ആർ.ടി.ഒമാർ അടുത്തിടെ വിരമിച്ചെങ്കിലും ഇവിടെയും പകരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല.
സർക്കാർ കനിയണം
ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ നിയമനങ്ങളെല്ലാം സർക്കാർ തലത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂലമാണ് നടപടി വൈകിയതെന്നാണ് വിശദീകരണം. ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന മോട്ടോർ വാഹനവകുപ്പിലെ പ്രമോഷൻ കമ്മിറ്റിപോലും ചേർന്നിട്ട് മാസങ്ങളായെന്നാണ് ആക്ഷേപം. കമ്മിറ്റി പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കുന്നോളം അപേക്ഷ
ജില്ലയിൽ 5,300ലധികം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഉദ്യോഗസ്ഥർക്ക് മറ്റ് ജോലികളും കൂടി ചെയ്യേണ്ടിവരുന്നതോടെ അടിയന്തരമായി പൂർത്തിയാക്കേണ്ട പല അപേക്ഷകളിലും നടപടി വൈകുന്നു. മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അയ്യായിരത്തിലധികം അപേക്ഷകൾ വീതം കെട്ടിക്കിടക്കുന്നുണ്ട്.