ആരോഗ്യസർവേ നടത്താത്തതെന്തെന്നും കോടതി
കൊച്ചി: പെരിയാർ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ തീരത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക ആവശ്യപ്പെട്ട് ഹൈക്കോടതി. പ്രവർത്തിക്കാൻ എൻ.ഒ.സി നൽകിയ സ്ഥാപനങ്ങളുടെ ലിസ്റ്റും ഇതോടൊപ്പം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദേശിച്ചു.
ഏലൂർ, കുഴിക്കണ്ടം മേഖലയിൽ സ്വമേധയാ ആരോഗ്യ സർവേ നടത്താൻ സർക്കാർ തയ്യാറാകാത്തതെന്തെന്ന് ചോദിച്ച കോടതി ഇതു സംബന്ധിച്ച് മൂന്നാഴ്ചക്കകം നിലപാടറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. പെരിയാർ മലിനീകരണത്തിന് പരിഹാരം തേടി കെ.എസ്.ആർ. മേനോൻ അടക്കം നൽകിയ ഹർജികളിലാണ് കോടതിയുടെ നിർദ്ദേശം. ഹർജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
പരിശോധന തുടരണം
പെരിയാറിലുണ്ടായ മത്സ്യക്കുരുതിയെക്കുറിച്ച് പഠിക്കാൻ ഹരിത ട്രൈബ്യൂണൽ രൂപീകരിച്ച അഞ്ചംഗ സമിതിയെ നേരത്തെ കോടതി ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര,സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മേധാവികളെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ അംഗങ്ങൾ സംഭവസ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. ഇതിന്റെ ഭാഗമായി സന്ദർശനം നടത്തിവരുകയാണെന്ന് സമിതി കോടതിയെ അറിയിച്ചു. പുതുതായി എൻ.ഒ.സി ലഭിച്ച സ്ഥാപനങ്ങളിലടക്കം സമിതി പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ച കോടതി പരിശോധന തുടരാൻ അനുമതിയും നൽകി.
ആരോഗ്യ സർവേ നടത്താൻ നിർദ്ദേശം
ഏലൂർ മേഖലയിൽ 2008നു ശേഷം ആരോഗ്യ സർവേ നടന്നിട്ടില്ലെന്ന കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. മേഖലയിൽ മലിനീകരണം തുടരുകയാണെന്നും ആരോഗ്യസർവേ നടത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി വാക്കാൽ പറഞ്ഞു. ആരോഗ്യസർവേക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച നിലപാട് രേഖാമൂലം അറിയിക്കാൻ തുടർന്ന് കോടതി നിർദേശിക്കുകയായിരുന്നു.