metro-
കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള പൈലിംഗിന് കാക്കനാട് കുന്നുംപുറത്ത് തുടക്കമായപ്പോൾ

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വയഡക്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിംഗ് കാക്കനാട് കുന്നുംപുറത്താണ് ആരംഭിച്ചത്.

മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ, പ്രൊജക്റ്റ്- സിസ്റ്റം ഡയറക്ടർമാർ, കൊച്ചി മെട്രോ എൻജിനിയർമാർ, ഉദ്യോഗസ്ഥർ, ജനറൽ കൺസൾട്ടന്റ് സിസ്ട്രയുടെ ഉദ്യോഗസ്ഥർ, കരാറുകാരായ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഭൂമിക്കടിയിലുള്ള കൂടുതൽ സ്ഥിരതയുള്ള മണ്ണിന്റെയും കല്ലിന്റെയും പാളികളിലേക്കുവരെ എത്തുന്ന തരത്തിലാണ് പൈലിംഗ്. ഇത്തരം പൈൽ അടിത്തറയുടെ സമഗ്രതയും ഭാരംവഹിക്കാനുള്ള ശേഷിയും ഉറപ്പാക്കാൻ സ്റ്റേഡിയംമുതൽ ഇൻഫോപാർക്ക്‌വരെ നാലുടെസ്റ്റ് പൈലുകൾകൂടി നടത്തും. നടപടി ഉടൻ ആരംഭിക്കും. വയഡക്ടിന്റെ അലൈന്മെന്റിൽ വിവിധ ഇടങ്ങളിൽ മണ്ണ് പരിശോധനാ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള വയഡക്ട് അലൈമെന്റിൽ ടോപ്പോഗ്രഫി സർവേപ്രവർത്തനങ്ങളും തുടരുകയാണ്.

മെട്രോ കാക്കനാട്ടേക്ക് നീളുന്നത് ജില്ലാ ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലെ ജീവക്കാർക്ക് മാത്രമല്ല ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് നഗരത്തിലെത്തുന്നവർക്കും ഗുണമാകും. അടിമാലി, കോതമംഗലം, മൂവാറ്റുപുഴ മേഖലകളിൽ നിന്നുള്ളവർക്ക് കാക്കനാട്ട് എത്തിയശേഷം മെട്രോയിൽ കയറിയാൽ റോഡിലെ കുരുക്കിൽപ്പെടാതെ നഗരത്തിലെത്താനും മടങ്ങാനും സാധിക്കും. തൊടുപുഴ, പുത്തൻകുരിശ് ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കരിമുകൾവഴി കാക്കനാട്ടെത്തി മെട്രോയിൽ സഞ്ചരിക്കാനാകും.

തൃപ്പൂണിത്തുറയിൽനിന്ന് മെട്രോ റെയിലിന് സീപോർട്ട് എയർപോർട്ട് വഴി കാക്കനാട് - തൃപ്പൂണിത്തുറ ടെർമിനലുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.


കെ.എം.ആർ.എല്ലിനെ കാത്ത് അപൂർവനേട്ടം

20 മാസമാണ് രണ്ടാംഘട്ട നിർമ്മാണം പൂർത്തീകരിക്കാനുള്ള കാലാവധി. 11.2 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ 20മാസംകൊണ്ട് പൂർത്തീകരിക്കാനായാൽ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിർമ്മാണ ഏജൻസി എന്ന പൊൻതൂവൽ കെ.എം.ആർ.എല്ലിന് സ്വന്തമാകും.

₹ 1957.05 കോടി

1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ തുക.

11.2 കിലോമീറ്റർ

11.2 കിലോമീറ്റർ നീളത്തിൽ വയഡക്ട് നിർമ്മാണം.

₹ 1141.32 കോടി

കരാർ തുക