കൊച്ചി: മേൽപ്പാതയുടെ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ മേഖലയിൽ യാത്രക്കാർ മാസങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാത്തതിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി. ഇതാണോ വികസനമെന്ന് ചോദിച്ച കോടതി ജില്ലാ കളക്ടർ എന്തെടുക്കുകയാണെന്നും ചോദിച്ചു. ഇക്കാര്യത്തിൽ കളക്ടർക്ക് ഉത്തരവാദിത്വമുണ്ടെന്നും സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശിച്ചാൽ ഏത് കരാറുകാരനാണ് ലംഘിക്കാൻ ധൈര്യപ്പെടുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ചെളിനിറഞ്ഞ റോഡിനരികിൽ നിസഹായതയോടെ നിൽക്കുന്ന സ്‌കൂൾ വിദ്യാർത്ഥികളുടെ ചിത്രമടക്കം ഉയർത്തിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യം. അരൂർ - തുറവൂർ മേഖലയിലെ യാത്രദുരിതം അമിക്കസ് ക്യൂറിയാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കോടതിയുടെ ഇടപെടലുണ്ടായ ശേഷമാണ് കളക്ടർ അവിടെ സന്ദർശിച്ചതെന്ന് ബെഞ്ച് പറഞ്ഞു. ''നിങ്ങൾക്ക് നൂറുകണക്കിന് പരാതികൾ കിട്ടിയല്ലോ. ഇപ്പോൾ കോടതിക്കും കിട്ടുകയാണ് പരാതി. റോഡെല്ലാം തകർന്നുകിടക്കുകയാണ്. മരണം നടക്കാത്തതിനാൽ ആരും കണക്കിലെടുക്കുന്നില്ലെന്നും കോടതി വിമർശിച്ചു.''
ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരിയാണ് കളക്ടർ. എന്തുകൊണ്ടാണ് ദേശീയപാത അതോറിറ്റിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാത്തതെന്നും കോടതി ചോദിച്ചു.
പണി തുടങ്ങുന്നതിനുമുമ്പ് സമാന്തരസൗകര്യം ഒരുക്കേണ്ടതായിരുന്നു. എന്നാൽ അഞ്ചുവർഷം കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. അതുവരെ ജനങ്ങൾ സഹിക്കണോയെന്നും കോടതി ചോദിച്ചു.
റോഡിന്റെ നാലിൽരണ്ടുഭാഗവും നിർമ്മാണത്തിനായി അടച്ചു. കുട്ടികളും പ്രായമായവുരുമൊക്കെ ചെളിയിൽ വീഴുകയാണ്. ആരും ഇതൊന്നും പരിഗണിക്കുന്നില്ല. എത്ര ഇന്ധനമാണ് നഷ്ടമാകുന്നത്.
അപകടങ്ങളിൽ 36പേർ മരിച്ചുവെന്നാണ് പറയുന്നത്. ഇത് ശരിയെങ്കിൽ ഞെട്ടൽ ഉളവാക്കുന്നതാണ്. അരുക്കുറ്റിയിൽ ഗതാഗതക്കുരുക്കുകൊണ്ട് ഒരു രക്ഷയുമില്ലെന്നും കോടതി പറഞ്ഞു.
അമിക്കസ് ക്യൂറി നേരിട്ടെത്തും
ഗതാഗതക്കുരുക്ക് അഴിക്കാൻ ദേശീയപാത അതോറിറ്റി സ്വീകരിക്കുന്ന നടപടികൾ നേരിൽക്കണ്ട് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിമാരോട് ഹൈക്കോടതി നിർദ്ദേശിച്ചു. അഡ്വ. വിനോദ് ഭട്ട്, അഡ്വ. കൃഷ്ണ എന്നിവർക്കാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് നൽകാൻ ദേശീയപാത അതോറിറ്റിക്കും നിർദ്ദേശം നൽകി. വിഷയം എട്ടിന് വീണ്ടും പരിഗണിക്കും.