കൊച്ചി: കരീലക്കുളങ്ങര വിക്രമൻ വധക്കേസിൽ ഒന്നാംപ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. മാവേലിക്കര അഡി. ജില്ലാ കോടതി ഉത്തരവിനെതിരെ പ്രതിചിങ്ങോലി മംഗലത്തുകിഴക്കതിൽ അമ്പിളിയെന്ന അജയചന്ദ്രൻ (32)നൽകിയ അപ്പീൽ ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി.

മറ്റ് രണ്ട് പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി നടപടിക്ക് നീതീകരണമുണ്ടോ എന്നതിൽ സംശയമുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. രണ്ടുപേരെ വെറുതേവിട്ടതിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടില്ലെന്നതും രേഖപ്പെടുത്തി.

2014 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. നിസ്സാര കാര്യങ്ങൾ വലിയ അക്രമത്തിലേക്ക് പോകുന്നതിന് ഉദാഹരണമാണ് ഈ കേസെന്ന് കോടതി പറഞ്ഞു. നൂറു രൂപ കടം നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അജയചന്ദ്രന്റെ പിതാവും രണ്ടാം പ്രതിയുമായ ഭുവനചന്ദ്രനിൽ നിന്ന് അയൽവാസിയായ വിക്രമൻ നൂറുരൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാത്തിന്റെ പേരിൽ പ്രതിയും വിക്രമന്റെ മകൻ ജയ്മോനുമായി ഉത്സവപ്പറമ്പിൽ വച്ച് തർക്കമുണ്ടായി. ദിവസങ്ങൾക്ക് ശേഷം ജയ്മോനെ അനുനയസ്വരത്തിൽ വീടിനടുത്തുള്ള റോഡിലെ കലുങ്കിനടുത്തേക്ക് വിളിച്ചുവരുത്തിയ അജയൻ തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. അതുവഴി വന്ന വിക്രമൻ പ്രശ്നത്തിൽ ഇടപെട്ടതോടെ മറ്റ് പ്രതികളുമെത്തി. മൂവരും ചേർന്ന് വിക്രമനെയും മകനെയും മർദ്ദിക്കുകയും ഇതിനിടെ അജയചന്ദ്രൻ കത്തിയെടുത്ത് ഇരുവരെയും കുത്തി.

വിക്രമനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കുകളോടെ രക്ഷപ്പെട്ട ജയ്മോന്റെ പരാതിയിലാണ് കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. 2017 ഏപ്രിൽ 12ന് വിധിപറഞ്ഞ മാവേലിക്കര കോടതി, അജയചന്ദ്രന് ജീവപര്യന്തം തടവും പിഴയും വിധിക്കുകയും മറ്റ് രണ്ടുപേരെ വെറുതേവിടുകയും ചെയ്തു.