മൂവാറ്റുപുഴ: സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസരഹിതമായി സേവനം ലഭ്യമാക്കണമെന്നും ഡി.എ കുടിശിക ഉടനടി ഉടൻ നൽകണമെന്നും കുട്ടികളെ പരിപാലിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ജില്ലാ പൊലീസ് ആസ്ഥാനത്തും സബ് ഡിവിഷൻ കേന്ദ്രങ്ങളിലും ഡേ കെയർ സംവിധാനം കൊണ്ടുവരണമെന്നും മൂവാറ്റുപുഴയിൽ നടന്ന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.എ .ഷിയാസ് അദ്ധ്യക്ഷനായി. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് മുഖ്യാതിഥി ആയി. അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി പി .ജി .അനിൽകുമാർ, സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി എ.ജെ. തോമസ്, ജില്ല സെക്രട്ടറി ടി.ടി. ജയകുമാർ എന്നിവർ സംസാരിച്ചു. വൈകിട്ട് 6ന് നടന്ന സാംസ്‌കാരിക സായാഹ്നം ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. സിനിമ താരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി. വടംവലി, ആം റെസ്‌ലിംഗ് മത്സരങ്ങളും നടന്നു.