പള്ളുരുത്തി: തീരദേശ ഹൈവേയായി ഉയർത്തുന്ന ചെ ല്ലാനം - ഫോർട്ടുകൊച്ചി റോഡിന്റെ പഠനത്തിനായി എത്തിയസംഘം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം വിട്ടു. സെന്റർ ഫോർ സോഷ്യാ ഇക്കോണമിക്സ് സ്റ്റഡീസ് സംഘമാണ് പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ചെറിയകടവിലെത്തിയത്. സാമൂഹികാഘാതപഠന കരട് റിപ്പോർട്ടിൻമേലുള്ള ഹിയറിംഗാണ് മുടങ്ങിയത്. കഴിഞ്ഞമാസം 18ന് നടന്ന മുൻ യോഗത്തിൽ പദ്ധതിയെക്കുറിച്ച് ശക്തമായ പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് വില്ലേജ് തലത്തിൽ കൂടുതൽ വിശദീകരണം നൽകാൻ ഹിയറിംഗിന് തീരുമാനിച്ചത്. എന്നാൽ ഈ യോഗത്തിലും പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്കൊന്നിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഉദ്ദേശ ശുദ്ധിയിലുണ്ടായ അവ്യക്തതയും കടൽത്തീരം സംരക്ഷിക്കാതെ റോഡ് വികസനംമാത്രം ലക്ഷ്യമാക്കുന്നത് തീരദേശജനതയോട് സർക്കാർ കാട്ടുന്ന നീതികേടാണെന്നാണ് പ്രദേശവാസികളുടെ പരാതി.