ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി റെയിൽവേ തുരങ്കപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങൾ റെയിൽവേ എൻജിനിയറുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
തുരങ്കപാതയിലെ അശാസ്ത്രീയ നിർമ്മാണങ്ങൾ വെള്ളക്കെട്ട് രൂക്ഷമാക്കി. പഞ്ചായത്തിന് പുറമേ ബെന്നി ബഹന്നാൻ എം.പി, അൻവർസാദത്ത് എം.എൽ.എ എന്നിവരും റെയിൽവേ ഡിവിഷണൽ ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. തുരങ്കത്തിലെ വെള്ളം ടാങ്കിലേക്ക് ശേഖരിക്കുകയും ടാങ്കിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് കാനയിലൂടെ പുറത്തേക്ക് തള്ളിവിടുകയുമാണ് ഇപ്പോൾ റെയിൽവേ ചെയ്യുന്നത്. വൈകീട്ട് അഞ്ച് മണിയ്ക്ക് ശേഷം ഈ സംവിധാനം റെയിൽവേ നിർത്തുന്നതിനാൽ രാത്രി ഗതാഗതം തടസപ്പെടുകയാണ്.
നിലവിലുണ്ടായ തോടുകൾ നീക്കം ചെയ്താണ് പരിഷ്‌കാരങ്ങൾ നടത്തിയത്. എം.പി ഫണ്ടും ജനങ്ങളുടെ സംഭാവനത്തുകയും ചേർത്താണ് 2000ൽ റെയിൽവേ തുരങ്കപാത ഉണ്ടാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് കാനയും ഗ്രാമപഞ്ചായത്ത് റോഡുകളും നിർമ്മിച്ചു. ഇവിടെയാണ് റെയിൽവ അശാസ്ത്രീയ നിർമ്മാണം നടത്തിയതെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫിക്, റൂബി ജിജി, ഷില ജോസ്, രാജേഷ് പുത്തനങ്ങാടി, പി.എസ്. യുസഫ്, മണ്ഡലം പ്രസിഡന്റ് സി.പി. നാസർ എന്നിവർ പങ്കെടുത്തു.