കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് (എറണാകുളം ബൈപാസ് ) അനിശ്ചിതത്ത്വത്തിന് കാരണം സർക്കാരിന്റെ മൗനമെന്ന് കേന്ദ്രം. ഭൂമി ഏറ്റെടുക്കലിന്റ വിഹിതം കേന്ദ്രവഹിക്കണമെങ്കിൽ സംസ്ഥാനത്ത് ലഭിക്കുന്ന ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഇതിനെ എതിർത്തെങ്കിലും തുടർ നടപടിക്കായി വ്യക്തമായ മറുപടിയോ വിശദീകരണമോ സർക്കാർ നൽകിയില്ലെന്ന് ഹൈബി ഈഡൻ എം.പിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിക്കത്തിൽ പറയുന്നു.
അരൂർ ഇടപ്പള്ളി ബൈപാസിലെയും ഇടപ്പള്ളി അങ്കമാലി പാതയിലെയും ഗതാഗത കുരുക്കിന് പരിഹാരമായാണ് എറണാകുളം ബൈപാസ് നിർദ്ദേശിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഗാതാഗത മന്ത്രിയുമായി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പദ്ധതി ചർച്ച ചെയ്തിരുന്നു. അന്നാണ് ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാൽ തുടർ നടപടിയുണ്ടായില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. അങ്കമാലിക്കടുത്ത് കരയാമ്പറമ്പിൽനിന്ന് തുടങ്ങി കിഴക്കമ്പലം വഴി കുണ്ടന്നൂരിൽ അവസാനിക്കുന്ന 45 കിലോമീറ്ററാണ് നിർദ്ദിഷ്ടപദ്ധതി. എറണുകളം ബൈപാസിനായി 287 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 6,000 കോടിയാണ് പദ്ധതിച്ചെലവ്.