kurb

കൊച്ചി: സിറോമലബാർ സഭാ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതിയിലും അർപ്പിച്ചു തുടങ്ങി. ബിഷപ്പുമാരും വൈദികരും വിശ്വാസികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം സെന്റ് തോമസ് ദിനമായ ഇന്നലെ ഏകീകൃത കുർബാന പള്ളികളിൽ അർപ്പിച്ചു.

ജനാഭിമുഖ കുർബാന നടക്കുന്ന 321ൽ 250 ലേറെ ഇടവക പള്ളികളിൽ കോടതിയിൽ കേസുള്ള 50 ലൊഴികെ ഏകീകൃത കുർബാന അർപ്പിച്ചു. ഇവിടങ്ങളിൽ ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന ഭൂരിപക്ഷം വിശ്വാസികളും മാറിനിന്നു. ഏതാനും പള്ളികളിൽ വിശ്വാസികളുടെ എതിർപ്പ് മൂലം കുർബാന അർപ്പിക്കാൻ കഴിഞ്ഞില്ല. ഇവിടങ്ങളിൽ തുടർ നടപടി അതിരൂപത തീരുമാനിക്കും. വ്യാപകമായ ആശങ്ക നിലനിന്നിരുന്നെങ്കിലും ഒരിടത്തും സംഘർഷമുണ്ടായില്ല.

ശാശ്വതപരിഹാരം വേണം

കുർബാന തർക്കത്തിൽ രണ്ടുവർഷങ്ങൾക്ക് ശേഷം സംഘർഷം ഒഴിഞ്ഞത് ശ്വാശ്വത പരിഹാരത്തിന്റെ സൂചനയാണെന്ന് അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും പറഞ്ഞു. ഭൂമിവില്പനക്കേസിൽ വത്തിക്കാൻ നിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യത്തിൽ സമരം തുടരും.

സഭാനേതൃത്വം വഞ്ചിച്ചെന്ന്

ജനാഭിമുഖ കുർബാന അർപ്പിക്കാൻ അൽമായ മുന്നേറ്റവുമായി മേജർ ആർച്ച് ബിഷപ്പും അഡ്മിനിസ്‌ട്രേറ്ററും നടത്തിയ ധാരണയിലൂടെ വിശ്വാസികളെ വഞ്ചിച്ചതായി മാർതോമ നസ്രാണി സംഘം ആരോപിച്ചു.

അതിരൂപതാ ഭരണം മാർപ്പാപ്പയുടെ പ്രതിനിധി ഏറ്റെടുക്കണം. ഏകീകൃത കുർബാന അർപ്പിക്കാത്ത മുഴുവൻ വൈദികരേയും സസ്‌പെൻഡ് ചെയ്യണം. പൊതുവേദിയിൽ സഭാവിരുദ്ധ പ്രസംഗം നടത്തിയ വൈദികരെ പുറത്താക്കണമെന്നും സംഘം ആവശ്യപ്പെട്ടു. റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ആന്റണി പുതുശേരി തുടങ്ങിയവർ സംസാരിച്ചു.