amarjith
അമർജിത്ത്

ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ ഇന്നലെ പുലർച്ചെ നടന്ന കൊലപാതകം കൺമുന്നിൽ കണ്ട നടുക്കത്തിലാണ് അത്താണി സ്വദേശി അമർജിത്ത്. തോട്ടക്കാട്ടുകരയിലെ കാർ വർക്ക്‌ഷോപ്പിൽ സ്വന്തം കാർ സർവീസ് ചെയ്യാനായാണ് അമർജിത്ത് എത്തിയത്. കാർ പാർക്ക് ചെയ്യുന്ന സമയത്ത് സമയത്ത് രണ്ടുപേർ തമ്മിൽ തർക്കി​ക്കുന്നത് കണ്ടു. ചായ വാങ്ങിത്തരണമെന്ന് പറയുന്നതും കേട്ടു. എന്നാൽ രണ്ടാമത്തെയാൾ കൈയി​ലുണ്ടായി​രുന്ന കത്രികയെടുത്ത് ഉടനെ കുത്തുകയായിരുന്നു. കുത്തി​യ ആൾ​ ഓടി രക്ഷപ്പെടുമോ എന്ന ആശങ്കയിൽ അയാളുടെ ചിത്രവും അമർജിത്തെടുത്തു. ഭക്ഷ്യവസ്തുക്കളുടെ വിതരണക്കാരനാണ്.

ആലുവയിൽ സാമൂഹിക

വിരുദ്ധർ വി​ലസുന്നു

കടത്തിണ്ണകളിൽ കിടന്നുറങ്ങുന്ന സമൂഹ്യവിരുദ്ധരും പിടിച്ച് പറിക്കാരും തമ്മിൽ മദ്യപിച്ച് വഴക്ക് കൂടുന്നത് ആലുവായിൽ നിത്യസംഭവമാണ്. 2022ൽ ആലുവ മണപ്പുറത്ത് ഒരാളെ പട്ടികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. സമാനരീതിയിൽ ആലുവ ബാങ്ക് കവലയിലും പൊതിച്ചോറി​നെ ചൊല്ലിയുള്ള തർക്കത്തിലും തലയ്ക്ക് അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടിരുന്നു.

ഭിക്ഷാടകൾക്ക് നിത്യവും പൊതിച്ചോറ് വിതരണം ചെയ്യുന്ന യുവതിയെ മുഖ്യസാക്ഷിയാക്കി പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇപ്പോൾ കോടതി കയറി ഇറങ്ങേണ്ട ഗതികേടിലാണ് സന്നദ്ധസേവനം നടത്തുന്ന ഇവർ. വിവിധ സംഘടനകൾ നഗരത്തിൽ മൂന്നുനേരം സൗജന്യഭക്ഷണം നൽകുന്നത് കഴിച്ച് കിട്ടുന്ന കാശിന് മദ്യപി​ച്ച് നാട്ടുകാർക്ക് ശല്യമായി തീർന്ന ഇത്തരക്കാർ പൊലീസിനും ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്. മണപ്പുറത്തെ വയലാർ സ്മാരകത്തിലും മാർക്കറ്റ് മേൽപ്പാലത്തിനടിയിലുമാണ് ഭൂരിഭാഗം സാമൂഹികവിരുദ്ധരും തങ്ങുന്നത്.