കോലഞ്ചേരി: എംപറർ ഇമ്മാനുവൽ ചർച്ചിനെതിരെ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ച പാലക്കാട് പുതുശേരി ഈസ്റ്റ് വില്ലേജ് വീരകൊല്ലൂർ ബനഡിക്ടിനെ (ബെൻ ജോൺസൺ -34) പുത്തൻകുരിശ് ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ്‌സംഘം അറസ്റ്റുചെയ്തു. മതസ്പർദ്ധയും കലാപവും ലക്ഷ്യമിട്ടുള്ള വ്യാജവാർത്തകൾ ചർച്ചിന്റെ ലോഗോകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് ചില അനിഷ്ടസംഭവങ്ങളും റിപ്പോർട്ടു ചെയ്തിരുന്നു. പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. എംപറർ ഇമ്മാനുവൽ ചർച്ച് ട്രസ്റ്റി നൽകിയ പരാതിയിലാണ് അറസ്റ്റ്. കോലഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.