bjp

സുരേഷ് ഗോപിയും ജോർജ് കുര്യനും വാഗ്ദ്ധാനം ചെയ്ത ചില കാര്യങ്ങൾ നമുക്കു മുന്നിലുണ്ട്. സഹമന്ത്രിമാരുടെ അധികാരം പരിമിതമാണെങ്കിലും, കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അവഗണന ഉണ്ടാകാതെ നോക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഇവരുടെ ചുമലിലുണ്ട്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നൊരു ബി.ജെ.പി അംഗം ആദ്യമായി ലോക്സഭയിലെത്തിയതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ വിപ്ലവം. ഒരിടത്തു മാത്രമാണ് ജയിച്ചതെങ്കിലും കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും ബി.ജെ.പി സഖ്യം എക്കാലത്തേയും മികച്ച പ്രകടനം കാഴ്ചവച്ചു. ഹിന്ദുക്കളിലെ സവർണ, അവർണ വിഭാഗങ്ങളിലും ക്രൈസ്തവരിലും പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടാക്കി, വോട്ടു വിഹിതം കൂട്ടി. തൃശൂർ അങ്ങെടുത്ത സുരേഷ്‌ ഗോപി കേന്ദ്ര സഹമന്ത്രിയുമായി. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ജോർജ് കുര്യനും അപ്രതീക്ഷിത നീക്കത്തിലൂടെ കേന്ദ്ര സഹമന്ത്രി പദത്തിലെത്തി. കേരളത്തിന് ഏറെ പ്രത്യാശയേകുന്ന വകുപ്പുകളാണ് ഇരുവർക്കും ലഭിച്ചത്. സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം. ജോ‌ർജ് കുര്യന് ഫിഷറീസ്, മൃഗസംരക്ഷണം, പാലുൽപാദനം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് എന്നിങ്ങനെ. കേരളത്തിൽ അക്കൗണ്ട് തുറന്നതോടെ ബി.ജെ.പിക്ക് ഇവിടെ വിശാല ലക്ഷ്യങ്ങളുണ്ട്.

കേന്ദ്രം ഇത്തവണ കനിയുമോ?

അടുത്ത വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കളം പിടിക്കാനാകുമോ എന്നാണ് നോക്കുന്നത്. ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പ് ഉടനുണ്ടാകും. മൂന്നാം മോദി സർക്കാരിന്റെ പിൻബലത്തിൽ അതിന് മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. സഹായിച്ച വോട്ടർമാരെ തിരിച്ചും സഹായിക്കണം. പറഞ്ഞു വരുന്നത് കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ചാണ്. പുതിയ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഈ മാസമുണ്ടാകും.കേരളത്തെ കേന്ദ്രം അവഗണിച്ചു എന്ന പതിവ് പല്ലവി തുടക്കത്തിലേ ഭൂഷണമാകില്ല. സുരേഷ് ഗോപിയും ജോർജ് കുര്യനും വാഗ്ദ്ധാനം ചെയ്ത ചില കാര്യങ്ങൾ നമുക്കു മുന്നിലുണ്ട്. സഹമന്ത്രിമാരുടെ അധികാരം പരിമിതമാണെങ്കിലും, ബഡ്ജറ്റിൽ കേരളത്തിന് അവഗണന ഉണ്ടാകാതെ നോക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഇവരുടെ ചുമലിലുണ്ട്.

എയിംസ്

എയിംസ് എന്ന മനോഹര സ്വപ്നം കേരളത്തിൽ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുകയെന്നത് യു.പി.എ ഭരണകാലം മുതലുള്ള ആവശ്യമാണ്. എന്നാൽ 'നടക്കാത്ത മനോഹര സ്വപ്ന'മായി അവശേഷിക്കുകയാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ച് ഡൽഹിയിൽ എത്തിയ ഉടൻ തന്നെ ഇതിൽ പ്രാഥമിക ചർച്ച തുടങ്ങിയെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്. അനുയോജ്യമായ 200 ഏക്കർ സ്ഥലം കേരള സർക്കാർ ലഭ്യമാക്കിയാൽ എയിംസ് അനുവദിക്കാമെന്നാണ് കേന്ദ്ര നിലപാട്. ചാലക്കുടി മണ്ഡലത്തിലടക്കം അനുയോജ്യമായ സ്ഥലം ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. ബഡ്ജറ്റിൽ കേരളം ഏറെ പ്രതീക്ഷിക്കുന്ന പദ്ധതിയും ഇതുതന്നെ. കഴിഞ്ഞ സർക്കാരുകളുടെ തുടർച്ചയായി, രാജ്യത്തിന്റെ പൊതു വികസന കാഴ്ചപ്പാടുമായാണ് മുന്നോട്ടു പോകുകയെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഓരോ സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ സമ്മാനിക്കുമെന്ന് കരുതുക വയ്യ. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിന് എന്തെങ്കിലും തന്നേക്കുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. അതിൽ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നത് എയിംസ് തന്നെയാണ്.

തൃശൂർ മെട്രോ

തൃശൂർ മെട്രോ എന്ന വാഗ്ദ്ധാനം അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ ബഡ്ജറ്റ്. കൊച്ചി മെട്രോ തൃശൂർ വരെ നീട്ടുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഇവിടെ പ്രസക്തമാണ്. ജോലിയാവശ്യത്തിനും മറ്റുമായി ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് കൊച്ചിയിൽ വന്നു പോകുന്നത്. ഗതാഗതക്കുരുക്ക് അടക്കമുള്ള യാത്രാക്ലേശങ്ങൾ തുടരുന്നതിനാൽ തൃശൂർ മെട്രോയെ ജനം പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ കടമ്പകൾ ഏറെയാണ്. അംഗീകാരം ലഭിക്കണമെങ്കിൽ നയപരമായ മാറ്റമുണ്ടാകണം. കിലോമീറ്ററിന് 25 കോടി രൂപ വീതം നിർമ്മാണച്ചെലവ് വരുമെന്നത് മറ്റൊരു കാര്യം. അതിനാൽ ഒറ്റയടിക്ക് മെട്രോ നീട്ടുകയെന്നത് പ്രായോഗികമല്ല. കൊച്ചിക്കും തൃശൂരിനുമിടയിൽ നെടുമ്പാശേരി വിമാനത്താവളമുണ്ടെന്നതാണ് പ്ലസ് പോയിന്റ്. പാത അതുവരെ നീട്ടുമെന്ന ബഡ്ജറ്റ് പരാമർശമെങ്കിലുമുണ്ടായാൽ സുരേഷ് ഗോപിക്ക് മുഖം രക്ഷിക്കാം. നഗരങ്ങളെ ബന്ധിപ്പിക്കാൻ വന്ദേമെട്രോ ട്രെയിനുകളാണ് കേന്ദ്രം കൂടുതൽ പ്രായോഗികമായി കാണുന്നത്.

തീരദേശ വികസനം

നീണ്ട തീരദേശമുള്ള സംസ്ഥാനമാണ് കേരളം. മന്ത്രി ജോർജ് കുര്യൻ കൈകാര്യം ചെയ്യുന്ന ഫിഷറീസ് മേഖലയിലും പിടിപ്പതു പ്രശ്നങ്ങളുണ്ട്. മത്സ്യബന്ധന ബോട്ടുകൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന മുതലപ്പൊഴിയിൽ പരിഹാരത്തിന് ശ്രമിക്കുമെന്നാണ് ചാർജെടുത്തയുടൻ അദ്ദേഹം പറഞ്ഞത്. വിഴിഞ്ഞത്തെ പുന:രധിവാസ പ്രശ്നങ്ങൾ ബഡ്ജറ്റ് വിഷയം മാത്രമല്ല, രാഷ്ട്രീയ വിഷയം കൂടിയാണ്. തിരുവനന്തപുരം മണ്ഡലത്തിലെ ശക്തമായ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇത് പ്രതിഫലിച്ചതാണ്. പരമ്പരാഗത മീൻപിടുത്തക്കാർ നേരിടുന്ന തൊഴിൽ പ്രതിസന്ധിയും വറുതിയും സ്ഥിരം പ്രശ്നങ്ങളാണ്. അതിനാൽ ഈ മേഖലയിൽ പരിഹരിക്കേണ്ട പ്രശ്നങ്ങൾ കടലോളമുണ്ട്. ഫിഷറീസിന് ബഡ്‌ജറ്റ് വിഹിതം ഉറപ്പാണെങ്കിലും പരിഗണന കുറഞ്ഞുപോയാൽ പ്രതിഷേധമുയർന്നേക്കാം.

ന്യൂനപക്ഷ ക്ഷേമം കൂടിയുള്ളതിനാൽ ബഡ്‌ജറ്റിന് പുറത്തുള്ള വിഷയങ്ങളിലും ജോർജ് കുര്യന് ഇടപെടേണ്ടി വരും. കേരളത്തിൽ ഇക്കുറി ബി.ജെ.പിക്ക് ക്രൈസ്തവരുടെ വോട്ടുകൾ ധാരാളം കിട്ടിയിട്ടുണ്ടെന്നത് അദ്ദേഹത്തിന് വിസ്മരിക്കാനാകില്ല. ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്ന മാർപ്പാപ്പയെ കേരളത്തിലുമെത്തിക്കണമെന്ന വിശ്വാസികളുടെ ആഗ്രഹമടക്കം നിലനിൽക്കുന്നുണ്ട്. ഹജ് ക്വാട്ട വെട്ടിക്കുറച്ച വിഷയമടക്കം പരിശോധിക്കുമെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചു കഴിഞ്ഞു. ഏതായാലും മൂന്നാം മോദി സർക്കാരിന്റെ ഭൂരിപക്ഷത്തിലേക്ക് ഒരു അംഗത്തെ നൽകിയ കേരളത്തോട് കേന്ദ്രത്തിനുള്ള സമീപനമെന്തെന്ന് അറിയാനുള്ള ആദ്യ അവസരമാണ് സമ്പൂർണ ബഡ്‌ജറ്റ്. പ്രതീക്ഷ കാത്താൽ ജനത്തിന്റെ ആദ്യ പ്രശംസ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമാകും. അല്ലാത്തപക്ഷം അവർ ഏറെ ന്യായീകരണ ക്യാപ്സൂളുകൾ വിഴുങ്ങേണ്ടി വരും.