ചോറ്റാനിക്കര: മുളന്തുരുത്തി റെയിൽവേ മേൽപ്പാലം-അപ്രോച്ച് റോഡ് നിർമ്മാണജോലികൾ വൈകുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. മുളന്തുരുത്തി ചെങ്ങോലപ്പാടം ഗേറ്റിന് സമീപമുള്ള സർവീസ് റോഡ് വഴിയുള്ള യാത്രയും ദുഷ്കകരം. ഇരുവശത്തേക്കുമുള്ള ഗതാഗതത്തിനായി ഒരു സർവീസ് റോഡാണ് തുറന്നിട്ടുള്ളത്. കുഴികൾതാണ്ടി ട്രാഫിക് ബ്ലോക്കും പിന്നട്ട് റെയിൽവേഗേറ്റ് കടക്കണമെങ്കിൽ പിന്നെയും മണിക്കൂറോളം കാത്തുകിടക്കണം. അപ്രോച്ച് റോഡിന്റെ രണ്ടാമത്തെ റോഡ് ജൂൺ പകുതിയോടെ തുറക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും പാഴ്‌വാക്കായി.
ചെങ്ങോലപ്പാടത്ത് ഗതാഗതക്കുരുക്ക് സ്ഥിരംകാഴ്ചയാണ്. റെയിൽവേ ഗേറ്റ് അടച്ചാൽ പിന്നെ പറയുകയും വേണ്ട. മഴ പെയ്തതോടെ സർവീസ് റോഡിൽ ആറിലധികം വലിയ കുഴികളായി. വെള്ളം കുഴികളിൽ നിറഞ്ഞുകിടക്കുന്നതിനാൽ അപകടസാദ്ധ്യതയും വർദ്ധിച്ചു.
റെയിൽവേ മേൽപ്പാലം-അപ്രോച്ച് റോഡ് നിർമ്മാണപുരോഗതി വിലയിരുത്താൻ അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞമാസം അവലോകനയോഗം കൂടിയിരുന്നു. പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് നാലുമാസംകൂടി വേണ്ടിവരുമെന്ന് ബി.ആർ.ഡി.എസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂൺമാസം ആദ്യവാരത്തോടെ ചോറ്റാനിക്കര ഭാഗത്തേക്കുള്ള രണ്ടാമത്തെ സർവീസ് റോഡും തുറക്കുമെന്ന് ഉറപ്പും നൽകി. ട്രാഫിക് നിയന്ത്രണത്തിന് വാർഡൻമാരെ നിയോഗിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രമല്ല, ആകെ ഉണ്ടായിരുന്ന അപ്രോച്ച് റോഡ് തകരുകയും ചെയ്തു.
സർവീസ് റോഡും തകർന്നു
മഴ ശക്തമായതോടെ നിലവിലുള്ള സർവീസ് റോഡ് തകർന്ന് തരിപ്പണമായി. മെറ്റലും മണ്ണും ഇളകിപ്പോയതോടെ റോഡിൽ വലിയകുഴികളായി. വാഹനങ്ങൾ കുഴികൾ ചാടി കടന്ന് വശങ്ങളിലേക്ക് ചരിഞ്ഞാണ് പോകുന്നത്. ചെറുവാഹനങ്ങളിൽ ഇതുവഴിയുള്ള യാത്ര അതീവ ദുഷ്കരമാണ്.
വെള്ളം കുഴികളിൽ നിറഞ്ഞുകിടക്കുന്നതുകൊണ്ട് ഡ്രൈവർമാർക്ക് കുഴിയുടെ ആഴമറിയാതെ വണ്ടി ഓടിക്കുന്നതിനും ബുദ്ധിമുട്ടായി. ഇതിൽ കയറിയിറങ്ങി വാഹനങ്ങൾ പോകുന്നതിന് ഏറെ സമയമെടുക്കുന്നു. അതോടെ ട്രാഫിക് ബ്ലോക്കും സ്ഥിരം കാഴ്ചയാണ്. ഗേറ്റ് അടച്ചാൽ പിന്നെ പറയുകയും വേണ്ട.
നിലവിലെ പ്രശ്നങ്ങൾ
റോഡ് തകർന്നതിനാൽ വാഹനങ്ങൾക്ക് തകരാറ് പതിവായി
ഗതാഗതക്കുരുക്കും രൂക്ഷമായിനാൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്താനാകുന്നില്ല
സർവീസ് റോഡ് വഴിയുള്ള ഗതാഗതം സുഗമമാക്കാൻ എത്രയും വേഗം കുഴികൾ അടയ്ക്കണം
രണ്ടാമത്തെ സർവീസ് റോഡും അടിയന്തരമായി തുറക്കണം.