കൊച്ചി: ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ തമിഴ്നാട്ടിലെയും കർണാടകത്തിലെയും പ്രമുഖ നഗരങ്ങളെ കൊച്ചിയുമായി ബന്ധിപ്പിച്ച് വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കണമെന്ന് ആവശ്യം. മധുര -എറണാകുളം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറും കൊച്ചി -ബംഗളുരു- ചെന്നൈ റൂട്ടിൽ വന്ദേഭാരത് ട്രെയിനുമാണെത്തേണ്ടത്. ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
കർണാടകത്തിലെ മൈസൂർ, ബംഗളൂരു, തമിഴ്നാട്ടിലെ മധുര, ചെന്നൈ എന്നിവിടങ്ങൾ സന്ദർശിക്കുന്ന വടക്കേ ഇന്ത്യക്കാരായ സഞ്ചാരികളെ കേരളത്തിലേയ്ക്കും ആകർഷിക്കാൻ വന്ദേഭാരത് സഹായമാകും. ഒപ്പം കർണാടക, തമിഴ്നാട് സ്വദേശികളെയും കൂടുതലായി ആകർഷിക്കാൻ കഴിയും. വന്ദേഭാരത് ട്രെയിനിലെ മികച്ച യാത്രാസൗകര്യവും ഗുണകരമാകും.
ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് ടൂറിസം, ട്രാവൽ മേഖലകളിലെ സംരംഭകരുടെ സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം) നിർദ്ദേശങ്ങൾ സമർപ്പിച്ചു.
മറ്റു നിർദ്ദേശങ്ങൾ
തൃശൂർ പൂരം പോലെ കൂടുതൽ ഉത്സവങ്ങളെ ടൂറിസത്തിൽ ഉൾപ്പെടുത്തുക
പുതിയ ബീച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിക്കുക
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുക
കേരളത്തെ വിവാഹ, സമ്മേളന (മൈസ്) ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുക
അന്താരാഷ്ട്ര വിപണിയിൽ ഇൻക്രഡിബിൾ ഇന്ത്യ പ്രചാരണം പുനരാരംഭിക്കുക
20 ഇന്ത്യൻ എംബസികളിൽ ടൂറിസം ഓഫീസുകളുടെ ഫോൺ നമ്പരും വിലാസവും പ്രദർശിപ്പിക്കുക
കേരള ട്രാവൽമാർട്ട് നടത്തിപ്പിന് കേന്ദ്ര ധനസഹായം നൽകുക
തിരുവനന്തപുരത്ത് ടൂറിസം സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുക
ആയുഷ് മന്ത്രാലയവുമായി ചേർന്ന് വാല്യു ട്രാവൽ ബോർഡ് രൂപീകരിക്കുക
അന്താരാഷ്ട്ര പ്രദർശനങ്ങളിൽ മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകുക
ടൂറിസം സൊസൈറ്റികൾക്ക് സാമ്പത്തികസഹായം
''പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നതിന് റെയിൽ മന്ത്രിയുമായി സംസാരിക്കും. വിനോദസഞ്ചാരരംഗത്തെ സംഘടനകളുടെ യോഗം വിളിച്ച് ചർച്ച നടത്തും.""
സുരേഷ് ഗോപി
കേന്ദ്ര ടൂറിസം സഹമന്ത്രി
കൊച്ചി 2022
ആഭ്യന്തര സഞ്ചാരികൾ
ആകെ : 26,30,461പേർ
കേരളം കണ്ടവർ
തമിഴ്നാട് 16,97,541
കർണാടക 11,59,112
മഹാരാഷ്ട്ര 6,25,403
ആന്ധ്രപ്രദേശ് 3,20,127
സഞ്ചാരികൾ കൊച്ചിയിലേക്ക്
കേരളത്തിൽ ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികളെത്തുന്നത് കൊച്ചിയിലാണ്. 2022ൽ ആകെ ആഭ്യന്തരസഞ്ചാരികളിൽ 13.94 ശതമാനവും കൊച്ചിയിലാണെത്തിയത്. മൂന്നാറിൽ 5.68 ഉം ആലപ്പുഴയിൽ 3.31 ഉം ഗുരുവായൂരിൽ 7.74 ശതമാനമാണ്. കേരളത്തിലേയ്ക്ക് എത്തുന്ന സഞ്ചാരികൾ കൊച്ചിയിലെത്തി മൂന്നാർ, ആലപ്പുഴ, തേക്കടി, തൃശൂർ, കുമരകം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളാണ് സന്ദർശിക്കുന്നത്.