cpm

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെഏഴാറ്റുമുഖം, മുന്നൂർപ്പിള്ളി പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൃഷി നശിച്ചവർക്ക് അടിയന്തിര സഹായം നൽകണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. അനീഷും പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോണി മൈപ്പാനും ഫോറസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടു. മേഖലയിലെ കാട്ടാനകളുടെ സാന്നിദ്ധ്യം ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. തിങ്കളാഴ്ച രാത്രി ഒരു ആനക്കുട്ടി ഉൾപ്പെടെ ഏഴ് ആനകളാണ് ചാലക്കുടിപ്പുഴ കടന്ന് മുന്നൂർപ്പിള്ളിയിൽ എത്തിയത്. വാഴ, തെങ്ങ്, ജാതി, പ്ലാവ് അടക്കമുള്ള ഫലവൃഷങ്ങൾ നശിപ്പിച്ചു.

ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയും വനാതിർത്തികളിൽ വൈദ്യുതി വേലികൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. ജനജീവിതത്തിന് സംരക്ഷണം നൽകുന്നതിൽ ഫോറസ്റ്റ് അധികാരികൾ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. ഉത്തരവാദ പ്പെട്ടവർ ജനവികാരം കണക്കിലെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.