ചെല്ലാനം: കടൽകയറ്റപ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സംസ്ഥാന ഹൈവേ ഉപരോധിക്കും. പ്രശ്നത്തിന് പരിഹാരം തേടി 2019 ഒക്ടോബർ മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി- ആലപ്പുഴ തീരദേശ പാത ഉപരോധിക്കാനാണ് ഒരുങ്ങുന്നത്. കണ്ണമാലിയിൽ കൂടിയ ജനകീയവേദിയുടെ സംയുക്ത പൊതുയോഗത്തിലാണ് കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപമുള്ള ജനകീയവേദി സമരപ്പന്തൽ പ്രദേശത്ത് ഉപരോധം നടത്താൻ തീരുമാനിച്ചത്.

2021ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീറ്ററിൽ സി.എം.എസ് പാലംവരെ കരിങ്കൽഭിത്തിയും ടെട്രാപോഡും ബസാർ - വേളാങ്കണ്ണി പ്രദേശത്ത് 6 പുലി മുട്ടുകളും പുത്തൻതോട് - കണ്ണമാലി പ്രദേശത്ത് 9 പുലിമുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി കൊടുത്തിരുന്നു. 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.. എന്നാൽ 7.36 കി.മീ സ്ഥലത്ത് കടൽഭിത്തിയും 6 പുലിമുട്ടുകളും നിർമ്മിച്ചപ്പോൾ നീക്കിവച്ചപണം തീർന്നുപോയെന്ന വാദം സ്വീകാര്യമല്ലെന്ന് ജനകീയവേദി ഭാരവാഹികളായ വി.ടി. സെബാസ്റ്റ്യൻ, അഡ്വ. തുഷാർ നിർമൽ സാരഥി, സുജ ഭാരതി, ജോസഫ് ജയൻ കുന്നേൽ എന്നിവർ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ പുത്തൻതോട്ടിലെത്തിയും

മന്ത്രി പി. രാജീവ് ചെല്ലാനത്തും നടത്തിയ പ്രഖ്യാപനങ്ങൾ വാഗ്ദാനങ്ങളിലാെതുങ്ങി.

* മന്ത്രിമാരുടെ പ്രഖ്യാപനങ്ങൾ

2023 ജൂൺ 9ന് മന്ത്രി റോഷി അഗസ്റ്റിൻ: അടുത്തഘട്ട നിർമ്മാണത്തിന് 320കോടി വേണം. 2023 നവംബർ ഒന്നിന് പണി തുടങ്ങും.

2023 ഒക്ടോബർ 3ന് മന്ത്രി . പി. രാജീവ്: രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 247കോടി പാസായിട്ടുണ്ട്.

ഇപ്പോൾ പറയുന്നത്

കിഫ്ബിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. അതിനാൽ പണി നടക്കില്ല.

തീരദേശപാതയ്ക്കും കെ- റെയിലിനും പണദൗർലഭ്യം ഇല്ലാത്തിടത്ത് തീരസുരക്ഷയ്ക്ക് മാത്രം പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീരപുനർനിർമ്മാണം സാദ്ധ്യമാണെന്നിരിക്കെ അത്തരം സാദ്ധ്യതകളൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്.

ജനകീയവേദി ഭാരവാഹികൾ