മട്ടാഞ്ചേരി: മട്ടാഞ്ചേരി-എറണാകുളം റൂട്ടിൽ ബോട്ട് സർവ്വീസ് പുനരാരംഭിക്കണമെന്ന് എം.എൽ. എ കെ.ജെ.മാക്സി നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ നിന്നുള്ള വാട്ടർ ട്രാൻസ്‌പോർട്ട് ബോട്ടുകളുടെ സർവീസ് 2018ൽ നിർത്തി വെച്ചതാണ്. ബോട്ട് അടുക്കാൻ വേണ്ട സാഹചര്യം ഇല്ലാതിരുന്നത് കൊണ്ടാണ് സർവീസ് അന്ന് നിർത്തി വെച്ചത്. പിന്നീട് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് ബോട്ട് ജെട്ടി നിർമ്മിക്കുന്നതിന് 70 ലക്ഷം രൂപയും ബോട്ട് റൂട്ട് സുഖമമാക്കുവാനായി 4.5 കോടി രൂപയും അനുവദിച്ച് കിട്ടി. ഇതിന്റെ പ്രവർത്തി 2021 ൽ പണി തുടങ്ങി. ഇത് പൂർത്തീകരിച്ചിട്ട് ഒരു വർഷം തികഞ്ഞു. മട്ടാഞ്ചേരിയിൽ നിന്നും ഐലൻഡിലേക്കും എറണാകുളത്തേക്കുമാണ് ഈ സർവീസ് ഉള്ളത്. മട്ടാഞ്ചേരി ജ്യൂ ടൗണിലേക്കും സ്പൈസസ്, ഹാൻഡി ക്രാഫ്റ്റ് , ജൂതപ്പള്ളി - സിനഗോഗ്, ബസാർ റോഡ്, മട്ടാഞ്ചേരി പാലസ് എന്നിവിടങ്ങളിലേക്കും പോകുന്ന ടൂറിസ്റ്റുകൾക്കും ഐലൻഡ്-എറണാകുളം ഭാഗത്തേക്ക് ജോലിക്കായി പോകുന്ന ഒട്ടനവധി ആളുകൾക്കും ഈ സർവീസ് പ്രയോജനപ്പെടും.
2024 ഫെബ്രുവരിയിൽ ഇറിഗേഷൻ വിഭാഗം കോൺടാക്ടറുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി ഡ്രഡ്ജിംഗ് പൂർത്തിയാക്കാം എന്ന് അറിയിച്ചെങ്കിലും ഇത് പൂർത്തിയാക്കിയിട്ടില്ല. എത്രയും വേഗം ഡ്രഡ്ജിംഗ് പൂർത്തിയാക്കിയാൽ ഉടൻ തന്നെ മട്ടാഞ്ചേരിയിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ പുനരാരംഭിക്കുന്നതാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ മറുപടി പറഞ്ഞു.