കെ.കെ. രത്‌നൻ
വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ചെറായി മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാതായിട്ട് 9 മാസം കഴിഞ്ഞു. 23 വാർഡുകളുള്ള പഞ്ചായത്തിൽ 400 ഓളം ക്ഷീരകർഷകരുടേതായി 1500 ലേറെ കന്നുകാലികളുണ്ട്. നിരവധി വീടുകളിൽ കോഴി വളർത്തലുമുണ്ട്. ഇവരെല്ലാം ആശ്രയിക്കുന്ന ആശുപത്രിയിലാണ് ഡോക്ടർ ഇല്ലാതായിട്ട് കാലമേറെയാകുന്നത്.
പശുക്കൾക്ക് രോഗം വന്നാൽ ചികിത്സക്കായി നിലവിൽ മറ്റിടങ്ങളിൽ പോകേണ്ട അവസ്ഥയാണ്. വാഹനക്കൂലിയടക്കം നല്ല തുകയാണ് ക്ഷീരകർഷകർക്ക് ചെലവാകുന്നത്. ഡോക്ടർ ഇല്ലാത്തതിനാൽ ക്ഷീരസംഘത്തിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടുന്നുണ്ട്. മുൻപ് ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയതോടെ രണ്ട് ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. 10 കിലോമീറ്റർ അകലെയുള്ള ഞാറക്കൽ ആശുപത്രിയിലെ ഡോക്ടർക്കാണ് ഇപ്പോൾ ചെറായി ആശുപത്രിയുടെ ചുമതല. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ ഡോക്ടർ എത്തുക. പലപ്പോഴും അതും മുടങ്ങാറുണ്ട്. ഉരുക്കൾക്ക് രോഗം വന്നാൽ ഞാറക്കൽ വരെ കൊണ്ടുപോകേണ്ട അവസ്ഥയാണിപ്പോൾ.
ഇതിനിടെ ജീർണാവസ്ഥയിലായിരുന്ന ആശുപത്രി കെട്ടിടം പൂർണമായി പൊളിച്ചു മാറ്റിയെങ്കിലും പുതിയ കെട്ടിട നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. കരാറുകാരന്റെ അലംഭാവമാണ് കെട്ടിട നിർമ്മാണം നീണ്ടുപോകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നിർമ്മാണത്തിന് എല്ലാവിധ സഹകരണം നൽകിയിട്ടും കരാറുകാരന്റെ ഉദാസീനത മൂലം പണി നീണ്ടുപോകുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ആശുപത്രി രേഖകൾ സൂക്ഷിക്കുന്നതിനും താൽക്കാലിക പ്രവർത്തനങ്ങൾക്കുമായി രണ്ട് മുറികൾ പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് നൽകിയിട്ടുണ്ട്.നിർമ്മാണം വേഗത്തിലാക്കുന്നതിന് കരാറുകാരനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്ടറുടെ നിയമനം അടുത്ത് തന്നെ ഉണ്ടാകും.
രമണി അജയൻ
പഞ്ചായത്ത് പ്രസിഡന്റ്
പള്ളിപ്പുറം
പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും.
പി. എ. നോബൽകുമാർ,
സംസ്ഥാന സെക്രട്ടറി,
യൂത്ത് കോൺഗ്രസ്
പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലായി പാൽ വിതരണം നടത്തുന്ന പള്ളിപ്പുറം ക്ഷീരോത്പാദക സംഘം പ്രവർത്തിക്കുന്നതും ചെറായി മേഖലയിലാണ്. ക്ഷീരസംഘങ്ങളിലൂടെയും അല്ലാതെയും പശു വളർത്തലിലൂടെ ജീവിതോപാധി കണ്ടെത്തുന്ന കുടുംബങ്ങളും നിരവധിയാണ്. മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നതും ക്ഷീര കർഷകരാണ്.