കോലഞ്ചേരി: നിങ്ങൾ പെൻഷൻ വാങ്ങുന്നവരാണോ ? അക്ഷയ വഴി ലൈഫ് സർട്ടിഫിക്കറ്റ് കൈപ്പറ്റുക. അല്ലെങ്കിൽ പെൻഷൻ മുടങ്ങും. തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ , വികലാംഗ പെൻഷൻ, 50 വയസിന് മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും കൂടാതെ ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തി ലൈഫ് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
മസ്റ്ററിംഗ്
പെൻഷൻ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ടെന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി വിരലടയാളം വഴിയോ കണ്ണോ ഉപയോഗിക്കാം. ആധാർ കാർഡും പെൻഷൻ ഐ.ഡിയും കൈയിൽ കരുതണം. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസിന് താഴെയുള്ളവർ പുനർവിവാഹിതരായിട്ടില്ലെന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം
ലൈഫ് സർട്ടിഫിക്കറ്റ്
പെൻഷൻ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയിലെത്തി വേണം മസ്റ്ററിംഗ് നടത്താൻ. പെൻഷൻ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തിൽ സമർപ്പിച്ച ആധാറിലുള്ള വിരലടയാളവും മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാൽ മാത്രമേ മസ്റ്ററിംഗ് മുഖേനെ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് നടത്താം.
2024 ജനുവരി ഒന്ന് മുതൽ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനു വേണ്ടി അപേക്ഷ സമർപ്പിച്ചവർ നിലവിൽ മസ്റ്ററിംഗ് നടത്തേണ്ടതില്ല. കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനായി അതത് തദ്ദേശ ഭരണ കൗൺസിലർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.
നിരക്ക്
അക്ഷയ കേന്ദ്രങ്ങളിൽ 30 രൂപ
ഹോം മസ്റ്ററിംഗിന് 50 രൂപ
പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് ചുമതല.