കൊച്ചി: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഒരുക്കിയ തിരുവാതിര ഞാറ്റുവേല ചന്തയിൽ നാടൻ കാർഷികോത്പ്പന്നങ്ങളും നടീൽവസ്തുക്കളും വാങ്ങാൻ വൻതിരക്ക്.
കൃഷി വകുപ്പിന്റെ നേര്യമംഗലം, ഒക്കൽ, ആലുവ, വൈറ്റില ഫാമുകൾക്ക് പുറമേ വിവിധ കർഷക കൂട്ടായ്മകളിൽ നിന്നുമെത്തിച്ച ഉത്പ്പന്നങ്ങളാണ് ചന്തയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി വകുപ്പിന്റെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംവിധാനം ഒരുക്കുന്നകാര്യം പരിഗണിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഒ.ശശികല, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ചന്ത ഇന്ന് സമാപിക്കും.
അരി മുതൽ പഴങ്ങൾ വരെ
ആലുവ, തിരുമാറാടി ഫാമുകളിൽ നിന്നുള്ള രക്തശാലി അരി, പൊക്കാളി അരി, പൊക്കാളി അരിപ്പൊടി, തവിട് കളയാത്ത അരി, ഉണക്കലരി, നാടൻ കുത്തരി എന്നിവയും മുളക്, വഴുതന, തക്കാളി, പടവലം തൈകളും ജമന്തി, ചെണ്ടുമല്ലി തൈകളും മൂവാറ്റുപുഴ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനിൽ നിന്നുള്ള ആകാശവെള്ളരിയും ജ്യൂസിനും കറിക്കും ഉപയോഗിക്കാവുന്ന പൊട്ടുവെള്ളരിയും റമ്പുട്ടാൻ, മാംഗൊസ്റ്റീൻ, അവക്കാഡോ പഴങ്ങൾ, നാടൻ ഏത്തയ്ക്കായ, കപ്പ, വാളൻപുളി, കുടംപുളി, തേങ്ങ, നാടൻ ഞാലിപ്പൂവൻ പഴം പറവൂരിലെ കർഷക കൂട്ടായ്മയുടെ മണിച്ചോളം, തിന, പനിവരക് തുടങ്ങിയ ചെറുധാന്യങ്ങളും ചെറുധാന്യപ്പൊടികളും ചോറ്റാനിക്കര കർഷക കൂട്ടായ്മയിൽ നിന്നുള്ള വിവിധയിനം തൈകളും കൂൺ ഉത്പന്നങ്ങളും ഉണക്കപ്പ, നാടൻ തേൻ, കാന്താരി തൈകൾ, പ്ലാവ്, മാവ് തൈകളും ചന്തയിൽ വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
വിലവിവരം
ആകാശവെള്ളരി കിലോ 40രൂ.
വാഴക്കുടപ്പൻ 12
രക്തശാലി അരികിലോ 168
കടച്ചക്ക ഒരെണ്ണം 20