y

തൃപ്പൂണിത്തുറ: പൊതുശ്മശാനത്തിൽ കൂട്ടി വെച്ചിരിക്കുന്ന റീത്ത് അടക്കമുള്ള മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. ദിവസേന രണ്ടും മൂന്നും സംസ്കാരങ്ങൾ നടത്തുന്ന തൃപ്പൂണിത്തുറ പൊതുശ്മശാനത്തിന്റെ അവസ്ഥ നിലവിൽ പരിതാപകരമാണ്. സംസ്ക്കാരത്തിന് കൊണ്ടുവരുന്ന മൃതദേഹത്തിനൊപ്പമുള്ള റീത്തുകളും ഉപയോഗ ശേഷമുള്ള തുണികളും മറ്റു വസ്തുക്കളും ശ്മശാനത്തിന് പിറകിൽ വർഷങ്ങളോളം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന നിരന്തരമായ പരാതിയെ തുടർന്ന് നഗരസഭ ശുചീകരണ തൊഴിലാളികൾ ഇവയെല്ലാം ശേഖരിച്ച് ഉപയോഗിക്കാതെ കിടക്കുന്ന ഗ്യാസ് ക്രിമറ്റോറിയത്തിന്റെ തറയിൽ വച്ചു. ഒരു മാസമായി ഏകദേശം ഒരു ടണ്ണോളം വരുന്ന ഈ മാലിന്യക്കൂമ്പാരമാണ് തങ്ങളുടെ ഉറ്റവരുടെ മൃതദേഹവുമായി വരുന്ന ബന്ധുക്കളെ ആദ്യം സ്വീകരിക്കുന്നത്. മരണാനന്തര കർമ്മങ്ങൾക്കായി പലരും ഉപയോഗിക്കുന്നതാണ് ഈ തറ. പൊട്ടിയ മേൽക്കൂരയിൽ നിന്നുള്ള വെള്ളം വീണ് ഈ കൂട്ടിവെച്ചിരിക്കുന്ന മാലിന്യം അഴുകിത്തുടങ്ങി.

വേണം ഇൻസിനേറ്റർ

കുന്നു കൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും റീത്തും മറ്റും കത്തിച്ചു കളയാൻ മറ്റു ശ്മശാനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ഇൻസിനിറേറ്റർ ഇവിടെയും സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. ശ്മശാനത്തിന്റെ വടക്കുഭാഗത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണിട്ട് ഒരു വർഷത്തിലേറെയായി. പരാതി പറഞ്ഞിട്ടും മതിൽ പുനർ നിർമ്മിക്കാനുള്ള ഒരു ഏർപ്പാടും അധികാരികളുടെ ഭാഗത്തുനിന്നില്ല. തെക്കുകിഴക്ക് ഭാഗം പാഴ്‌മരങ്ങൾ വളർന്ന് കാടുപിടിച്ചു കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ട് വള്ളിക്കെട്ടൻ പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയത്.