dh

കാലടി: ആധുനിക വനവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നട്ടുവളർത്തുന്ന വൃക്ഷ തൈകൾ അടുത്ത തലമുറകൾക്ക് വേണ്ടിയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസർക്കാർ നടത്തുന്ന സ്വച്ഛതാ പഖ്വാടാ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് മൃഗങ്ങളും മനുഷ്യരും തമ്മിൽ യുദ്ധം നടക്കുകയാണ്. അതിന് പരിഹാരമാകുന്നതിന് വനത്തിൽ ഫല വൃക്ഷകൾ വച്ചു പിടിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീശങ്കരാചാര്യ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്‌കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ച സുരേഷ്‌ഗോപിയെ കരഘോഷത്തോടെയാണ് വിദ്യാർത്ഥികൾ വരവേറ്റത്. കുഞ്ഞുകുട്ടികൾക്കരികിൽ തറയിലിരുന്ന് കുശലം പറഞ്ഞും ഫോട്ടോ എടുത്തും ഏറെനേരം ചിലവിട്ടശേഷമാണ് അദ്ദേഹം വേദിയിലേക്ക് കടന്നത്. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷനായി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, ശ്രീശാരദ വിദ്യാലയ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ, ശൃംഗേരി മഠം പ്രതിനിധി കെ.വി. ശർമ്മ ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.ശങ്കർ, ചീഫ് ജനറൽ മാനേജർ ജോർജ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ സന്ദേശവുമായി കാലടിയിൽ നിന്ന് കോഴിക്കോട്ടേക്ക് സഞ്ചരിക്കുന്ന വാഹനത്തിന്റെ ഫ്‌ളാഗോഫ് കർമ്മവും സുരേഷ് ഗോപി നിർവഹിച്ചു. ഗായകൻ മധു ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും വിദ്യാർത്ഥികളുടെ കലാപാരിപാടികളും നടന്നു.