kothamangalam
വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാന

കോതമംഗലം: കോട്ടപ്പടി പഞ്ചായത്ത് നാലാംവാർഡിൽ കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. കൊമ്പന് 15 വയസിലധികം തോന്നിക്കും. തൊട്ടടുത്തുണ്ടായിരുന്ന പനയും കുത്തിമറിച്ചിട്ടിട്ടുണ്ട്. വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റ് ചരിഞ്ഞതാകാമെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ രാവിലെയാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ നാട്ടുകാർ കണ്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ആനയുടെ ജഡം മലയാറ്റൂർ ഡിവിഷൻ ഭാഗത്തേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി അവിടെത്തന്നെ സംസ്കരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരായ ആദർശ്, സന്തോഷ്‌കുമാർ, ബിനോയി സി. ബാബു എന്നിവരുടെ മേൽനോട്ടത്തിൽ തുടർനടപടി സ്വീകരിച്ചു.

കോട്ടപ്പടി, പിണ്ടിമന പ്രദേശങ്ങളിൽ ഏറെ നാളുകളായി കാട്ടാനശല്യം രൂക്ഷമാണ്. ഫെൻസിംഗ് കൊണ്ടുമാത്രം ആനശല്യം തീരില്ലെന്നും ട്രഞ്ച് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.