കൊച്ചി: ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സി.എം.ആർ.എൽ പ്രതിഫലം നൽകിയെന്ന കേസിൽ സർക്കാരിനെ കക്ഷിചേർത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഭേദഗതി ഹർജി നൽകി. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരായ റിവിഷൻ ഹർജിയിലാണ് സർക്കാരിനെ കക്ഷി ചേർത്തത്. വിജിലൻസ് കോടതിയിലെ പരാതിയിൽ സർക്കാരിനെ കക്ഷിചേർത്ത ഹർജിക്കാരൻ,ഹൈക്കോടതിയിൽ കക്ഷിയാക്കാതെയാണ് ഹർജി നൽകിയതെന്ന സർക്കാരിന്റെ വാദത്തെ തുടർന്ന് ഭേദഗതി ഹർജി നൽകാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് കെ. ബാബു തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.