പറവൂർ: മാലിന്യ സംസ്കരണം പരിഹരിക്കാത്തതിനാൽ പറവൂർ മാർക്കറ്റിലെ അറവുശാല, മാംസ-മത്സ്യ വിപണന കേന്ദ്രം എന്നിവ അടച്ചുപൂട്ടണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പറവൂർ നഗരസഭയ്ക്ക് നോട്ടിസ് നൽകി. മാർക്കറ്റിനോട് ചേർന്നുള്ള പെരിയാറിന്റെ കൈവരിയായ തട്ടുകടവ് പുഴയിൽ ജൂൺ മൂന്നിന് മത്സ്യങ്ങൾ മേൽത്തട്ടിലെത്തി ശ്വാസമെടുക്കുകയും ചിലത് ചത്ത് പൊന്തുകയും ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലത്തെത്തി പരിശോധന നടത്തി ജലത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു.
മാർക്കറ്റിൽ നിന്നുള്ള മലിനജലം പുഴയിലേക്ക് എത്തുന്നതാണ് ഇതിന് കാരണമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ഇത് പരിഹരിക്കാൻ ജൂലായ് 26ന് നഗരസഭയ്ക്ക് ബോർഡ് രേഖാമൂലം നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആധുനിക അറവുശാല എത്രയും വേഗം ആരംഭിക്കണം, അനധികൃത അറവ് നിരോധിക്കണം, ഇറച്ചി, മീൻ ചന്തകളിൽ നിന്നുള്ള മലിനജലം സംസ്കരിക്കാൻ സംസ്കരണ സംവിധാനം ഒരുക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയത്. എന്നാൽ ഇവയൊന്നും നഗരസഭ നടപ്പാക്കിയില്ല. നഗരസഭ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് വിപണന കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.