പറവൂർ: പറവൂർ നഗരസഭാ താത്പര്യങ്ങൾക്കും കൗൺസിൽ തീരുമാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തിച്ചെന്ന് ആരോപിച്ച് നഗരസഭ സെക്രട്ടറി ജോ ഡേവിസിന് ചെയർപേഴ്സൺ കാരണം കാണിക്കൽ നോട്ടീസ് നൽകി. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. നോട്ടീസ് കൈപ്പറ്റിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥന് ചാ‌‌ർജ് കൈമാറി സെക്രട്ടറി അവധിയിൽ പ്രവേശിച്ചു. നഗരസഭ മന്ദിരത്തിന് മുകളിലെ നിലയിൽ നിർമ്മിച്ച സ്റ്റോർ റൂം പൊളിച്ചുമാറ്റണമെന്ന ഓംബുഡ്സ്മാൻ വിധിക്കെതിരെ അപ്പീൽ നൽകാൻ നഗരസഭ സെക്രട്ടറി, മുനിസിപ്പൽ എൻജിനിയർ എന്നിവരെ കൗൺസിൽ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ സെക്രട്ടറി ഈ തീരുമാനം അംഗീകരിച്ചില്ല എന്നതടക്കം പത്ത് കാര്യങ്ങളാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നേരത്തെ നവകേരള സദസിന് കൗൺസിലിന്റെ അനുമതിയില്ലാതെ തുക നൽകിയ സെക്രട്ടറിയുടെ നടപടിക്കെതിരെ ചെയർപേഴ്സൺ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദേശത്തെ തുടർന്ന് തുക തിരിച്ചടച്ചിരുന്നു.