മൂവാറ്റുപുഴ: ആധുനിക മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു. രണ്ടാഴ്ച മുമ്പ് മാലിന്യം കത്തിച്ച വിഷ പുക ശ്വസിച്ച് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ അടക്കമുള്ളവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വീണ്ടും ഇലക്ട്രിക് വയർ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത്. കോടികൾ മുടക്കി നിർമിച്ച ശേഷം തുറന്നുകൊടുക്കാതെ അടച്ചു പൂട്ടിയ മത്സ്യമാർക്കറ്റ് സാമൂഹ്യവിരുദ്ധരുടെയും ആക്രികച്ചവടക്കാരുടെയും താവളമായി മാറിയിട്ട് നാളുകളായി. രാപകൽ ഭേദമന്യ ആക്രി പെറുക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു തീയിടുന്നതു മൂലം ഉയരുന്ന പുക സ്റ്റേഡിയം കോംപ്ലക്സിലും ന്യൂ ബസാറിലുമുള്ള വ്യാപാരികൾക്കും സമീപത്തുള്ള ടൗൺ സ്കൂളിലെ വിദ്യാർഥികൾക്കും വലിയ ദുരിതമാണ് വിതയ്ക്കുന്നത്. ആക്രിക്കച്ചവടക്കാർ ശേഖരിക്കുന്ന ഇലക്ടിക് വയറുകളിൽ നിന്ന് കമ്പികൾ മാറ്റിയ ശേഷമുള്ള പ്ലാസ്റ്റിക്കാണ് കൂടുതലായും കത്തിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് കേന്ദ്രസർക്കാരന്റ സഹായത്തോടെ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച മത്സ്യ മാർക്കറ്റ് തുറന്നു കൊടുക്കാതെ അടച്ചു പൂട്ടിയിടുകയായിരുന്നു. മാർക്കറ്റ് കെട്ടിടത്തിൽ വാച്ചറുടെ സേവനം ലഭ്യമാക്കിയാൽ മാത്രമെ പ്രശ്നത്തിന് പരിഹാരം കാണാനാകൂ.
മത്സ്യ മാർക്കറ്റ് കെട്ടിടത്തിലെ വയറിംഗും ശീതീകരണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധർ പൊളിച്ചെടുത്ത് വിൽപന നടത്തിക്കഴിഞ്ഞു കെട്ടിടത്തിനുള്ളിൽ മയക്കുമരുന്നു വിൽപനയും ഉപഭോഗവും പതിവായി നടക്കുന്നു കാടുപിടിച്ച് കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാണ്