thankachan

തങ്കച്ചന്റെ ഓട്ടം ഭാര്യയുടെ

ഓർമ്മകൾക്കായി

കൊച്ചി: അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്‌‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്കായി സ്വന്തമാക്കിതടക്കം ഒരുകൂട്ടം മെഡലുകളാണ് ചേർത്തല അരീപ്പറമ്പ് ചോഴക്കോടത്ത് തങ്കച്ചന്റ (63) ജീവിതം. ദേശീയ-സംസ്ഥാന വെറ്ററൻ മീറ്റുകളിലും സമ്മാനം. ജൂൺ അഞ്ചിന് അയോദ്ധ്യയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലെ 1500, 5000 മീറ്ററിന്റെ 60-65 വയസ് വിഭാഗത്തിൽ സ്വർണം നേടി. മലേഷ്യ, സിംഗപ്പൂർ, ചൈന, ശ്രീലങ്ക മീറ്റുകളിലേക്ക് യോഗ്യത നേടിയെങ്കിലും സാമ്പത്തികം തടസമായി.

അഞ്ച് വ‌ർഷം മുമ്പ് ഭാര്യ ഷൈലമ്മയുടെ മരണത്തിന് പിന്നാലെ കായികരംഗം വിടാനുറച്ചു. എന്നാൽ ചുവരിലെ കിറ്റിൽ ഭാര്യ സൂക്ഷിച്ച 2500 രൂപ മനസു മാറ്റിച്ചു. അച്ഛന്റെ കായികമേളയ്‌ക്കായാണ് പണം സ്വരുക്കൂട്ടുന്നതെന്ന് അമ്മ പറഞ്ഞിരുന്നതായി മകൾ അന്ന ടെനീഷ്യ കണ്ണീരോടെ ഓർമ്മിച്ചു. ഇതോടെ തങ്കച്ചൻ വീണ്ടും ട്രാക് സ്യൂട്ടണിഞ്ഞു. മകൻ അമൽജൂഡും പിന്തുണച്ചു. തേഞ്ഞിപ്പലത്തു നടന്ന സംസ്ഥാനമീറ്റിൽ 800, 1500 മീറ്ററിൽ റെക്കാഡ് തകർത്തു. 10 കിലോമീറ്റർ ആലപ്പി ബീച്ച് മാരത്തണിലും ചാമ്പ്യൻ.

സ്കൂളിൽ പഠിക്കുമ്പോൾ അമ്മ അന്നമ്മയുടെ പ്രേരണയിലാണ് തങ്കച്ചൻ കായികരംഗത്തെത്തുന്നത്. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് സ്‌കൂൾ ഗ്രൗണ്ടായിരുന്നു പരിശീലനം. ചേർത്തല എൻ.എസ്.എസ് കോളേജിലും ദീർഘദൂര മത്സരങ്ങളിൽ ചാമ്പ്യനായി. പൊലീസ് പരിശീലകനായ ജെയിംസിന്റെ നിർദ്ദേശമാണ് മാസ്റ്റേഴ്സ് മീറ്റുകൾക്കിറങ്ങിയത്. നവംബറിൽ നാസിക്കിൽ നടക്കുന്ന അന്താരാഷ്ട്രമീറ്റിനും ഡിസംബറിലെ സംസ്ഥാന മീറ്റിനുമുള്ള തയ്യാറെടുപ്പിലാണ് തങ്കച്ചൻ. 1500ൽ 5.19 മിനിട്ടാണ് തങ്കച്ചന്റെ ബെസ്റ്റ് ടൈം. 5000 മീറ്ററിൽ 23 മിനിട്ടും.

63-ാം പറന്നാളിൽ 63 കിലോമീറ്റർ

63-ാം പിറന്നാൾ പ്രമാണിച്ച് തങ്കച്ചൻ ജൂൺ 30ന് 63 കിലോമീറ്റർ നിറുത്താതെയോടി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നിന്ന് രാവിലെ ഏഴോടെ തുടങ്ങിയ ഓട്ടം സ്വീകരണങ്ങൾ ഏറ്റുവാങ്ങി എട്ട് മണിക്കൂർ കൊണ്ട് ഇതേഗ്രൗണ്ടിൽത്തന്നെ സമാപിച്ചു.

തങ്കച്ചന് പ്രത്യേക ഡയറ്റൊന്നുമില്ല. ഭാര്യയുണ്ടായിരുന്നപ്പോൾ ഓട്സും പാലുമൊക്കെ നൽകാറുണ്ട്. മക്കൾ അവരുടെ തിരക്കുകളിലാണ്. അതിനാൽ പുട്ടും ചോറുമൊക്കെയായി തൃപ്തിപ്പെടുന്നു.