കൊച്ചി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ കിയ ഇന്ത്യയിൽ നിന്ന് ഇതുവരെ രണ്ടര ലക്ഷം വാഹനങ്ങൾ കയറ്റുമതി നടത്തി. 2019 മുതൽ ആഗോളതലത്തിൽ 100 ലധികം വിപണികളിലേക്ക് 2,55,133 യൂണിറ്റുകളാണ് ഇന്ത്യയിലെ അനന്തപുർ പ്ലാന്റിൽ നിർമ്മിച്ച് കയറ്റുമതി ചെയ്തത്. സെൽറ്റോസാണ് ഇവയിൽ അധികവും. മൊത്തം കയറ്റുമതിയുടെ 59 ശതമാനമാണ് സെൽറ്റോസിന്റെ വിഹിതം. സൊണറ്റും കാരൻസും യഥാക്രമം 34 ശതമാനവും ഏഴ് ശതമാനവുമാണ് കയറ്റി അയച്ചത്.
കിയ കോർപ്പറേഷന്റെ പ്രധാന കയറ്റുമതി കേന്ദ്രമാണ് ഇന്ത്യയെങ്കിലും വരുംവർഷങ്ങളിൽ ആഭ്യന്തര വില്പനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അനന്തപൂർ പ്ലാന്റിൽ നിർമ്മിക്കുന്ന 90 ശതമാനവും ആഭ്യന്തരവിപണിയിൽ വിറ്റഴിക്കും.
അഞ്ചുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച അനന്തപൂർ പ്ലാന്റ് ആഗോള ശൃംഖലയിലെ നിർണായക കയറ്റുമതി കേന്ദ്രമാണ്. അനന്തപൂരിൽ നിന്ന് 100 അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ചിലി, പരാഗ്വേ, ലാറ്റിൻ അമേരിക്ക എന്നിവയാണ് പ്രധാന വിപണികൾ.
ഗുണമേന്മയ്ക്കും പുതുമയ്ക്കുമുള്ള അംഗീകാരമാണ് നേട്ടമെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്‌സിക് സോൺ പറഞ്ഞു. ആഭ്യന്തരവിപണിയിലാണ് ശ്രദ്ധയെങ്കിലും ഈവർഷം കയറ്റുമതി സ്ഥിരമായി നിലനിറുത്താൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.