കൊച്ചി: കോർപ്പറേഷൻ ഇന്ററാക്ട് ജൈവവൈവിദ്ധ്യ പദ്ധതിയുടെ ഭാഗമായി തേവര-പേരണ്ടൂർ കനാലിൽ ഫ്ലോട്ടിംഗ് വെറ്റ്‌ലാൻഡുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. ജലാശയങ്ങളിലെ മലിനീകരണ നിയന്ത്രണത്തോടൊപ്പം കനാൽ സൗന്ദര്യവത്കരണത്തിനും ലോകവ്യാപകായി ഉപയോഗിക്കുന്ന ഫ്ലോട്ടിംഗ് വെറ്റ്‌ലാൻഡുകൾ പനമ്പള്ളി വാക് വേയോട് ചേർന്നുള്ള കനാലിലാണ് സ്ഥാപിച്ചത്. കോയിത്തറ പാർക്കിനടുത്ത് നടന്ന ചടങ്ങിൽ മേയർ എം. അനിൽ കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കൗൺസിലർമാരായ ആന്റണി പൈനൂതറ, ലതിക എന്നിവർ പങ്കെടുത്തു.
ജലമലിനീകരണത്തിന് കാരണമാകുന്ന രാസവസ്തുക്കൾ വലിച്ചെടുത്ത് നിർവീര്യമാക്കാൻ ശേഷിയുള്ള സസ്യങ്ങൾ ജലത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേകം തയ്യാറാക്കിയ തട്ടുകളിൽ വളർത്തിയെടുക്കുന്ന രീതിയാണിത്. ചക്കര ചേമ്പ്, കടൽ താളി, കുടപ്പുല്ല് ഹെലിക്കോണിയം തുടങ്ങിയ സസ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കോർപ്പറേഷൻ ഐ.സി.എൽ.ഇ.ഐ ദക്ഷിണേഷ്യയുടെ സഹകരണത്തോടെ ജർമൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇന്ററാക്ട് ബയോ ജൈവ വൈവിധ്യ പദ്ധതി. പ്രസ്തുത പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടുകളിലൊന്നായാണ് ഫ്ലോട്ടിംഗ് വെറ്റ്‌ലാൻഡുകൾ സ്ഥാപിച്ചത്. കൊച്ചി കോർപ്പറേഷൻ സിഹെഡ് ആണ് പദ്ധതിയുടെ ഏകോപനം.