കൊച്ചി: നിയമ തടസങ്ങൾ ഒന്നുമുണ്ടായില്ലെങ്കിൽ താമസിയാതെ എറണാകുളത്തപ്പന് സ്വന്തം ഗജരാജനെ ലഭിക്കും. എറണാകുളം ശിവക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്താൻ അനുവാദം ചോദിച്ച് ദുബായിയിലെ പ്രമുഖ വ്യവസായിയായ എറണാകുളം കടവന്ത്ര സ്വദേശി കെ.കെ. പീതാംബരൻ കൊച്ചിൻ ദേവസ്വം ബോർഡിനെ സമീപിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ് പീതാംബരൻ ഗുരുവായൂർ ക്ഷേത്രത്തിലും ആനയെ നടയ്ക്കിരുത്തിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും വയസിനിടയിലുള്ള ആനയെ വാങ്ങാൻ അദ്ദേഹത്തിന്റെ പ്രതിനിധികൾ തമിഴ്നാട്, കർണാടക, അരുണാചൽ പ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ അന്വേഷണത്തിലാണ്.
രണ്ടുമാസം മുമ്പാണ് എറണാകുളം ദേവസ്വം ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചത്. ആനയെ കേരളത്തിലേക്ക് എത്തിക്കാൻ നിയമപരമായ എല്ലാ രേഖകളും നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിൽ നടയ്ക്കിരുത്താനാണ് ആനയെന്നും സഹകരണം നൽകണമെന്നും കാണിച്ച് ദേവസ്വം തമിഴ്നാട്, കർണാടക വനംവകുപ്പുകൾക്ക് കത്ത് നൽകുകയും ചെയ്തു. രണ്ടിടത്തും ഇഷ്ടപ്പെട്ട ആനയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ആനകളെ കൈമാറ്റം ചെയ്യുന്നത് വിലക്കുന്ന കേന്ദ്രനിയമം നിലവിലുള്ളതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമായിരുന്നില്ല. ഇതേതുടർന്ന് ക്ഷേത്രങ്ങളിൽ ആനകളെ നടയ്ക്കിരുത്തുന്നതും രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ചട്ടത്തിൽ ഇളവുവരുത്തിയതിനെ തുടർന്ന് ആനപ്രേമികളും വിവിധ ക്ഷേത്രം ഭാരവാഹികളും ആനകളെ തേടി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓടിനടക്കുകയാണ്. ഇളവുനൽകിയതിനെതിരെ കേസുകൾ നടക്കുന്നതിനാലും രണ്ട് സംസ്ഥാനങ്ങളിലെ വനംവകുപ്പുകൾ തമ്മിൽ ഫയൽ നീക്കങ്ങളും മറ്റും ആവശ്യമുള്ളതിനാലും ഇത് സാദ്ധ്യമാകുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല.
ആദ്യഗജരാജൻ ശിവകുമാർ
കേരളത്തിലെ എണ്ണം പറഞ്ഞ ഗജരാജന്മാരിൽ ഒരാളായ എറണാകുളം ശിവകുമാർ എറണാകുളത്തപ്പന്റെ സ്വന്തം ആനയാണ്. 40 വർഷം മുമ്പ് പ്രമുഖ അബ്കാരിയായിരുന്ന കെ.ജി. ഭാസ്കരനാണ് ശിവകുമാറിനെ നടയ്ക്കിരുത്തിയത്. വടക്കുംനാഥന് നടയ്ക്കിരുത്താനായി എത്തിച്ചതായിരുന്നു ശിവകുമാറിനെ. തൃശൂർക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആന ഇടയുകയായിരുന്നു. ക്ഷേത്രവളപ്പിന് പുറത്തിറങ്ങാനും തയ്യാറായില്ല. തുടർന്ന് ആനയെ എറണാകുളത്തപ്പന് നടയ്ക്കിരുത്തുകയായിരുന്നു. ഇപ്പോൾ ശിവകുമാർ തൃശൂരിലെ ദേവസ്വം ആനപ്പറമ്പിലാണ്. എറണാകുളം ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായാണ് ഇവിടേക്ക് കൊണ്ടുവരാറുള്ളത്.