വൈപ്പിൻ: കടൽ ക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന എടവനക്കാട് തീരദേശ ജനതയുടെ നിലനിൽപ്പിനായി തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ മനുഷ്യച്ചങ്ങല തീർത്തു. വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ വൈകിട്ട് 5നാണ് മനുഷ്യച്ചങ്ങല തീർത്തത്. അണിയിൽ മുതൽ വടക്കോട്ട് പള്ളത്താംകുളങ്ങര തെക്കേ വളവ് വരെ റോഡിന് കിഴക്കുവശം ജനങ്ങൾ കൈകോർത്ത് അണിനിരന്നു. പ്രദേശത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും പ്രാദേശിക സംഘടനകളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പങ്കാളികളായി.
ചങ്ങലക്ക് ശേഷം അണിയൽ, പഴങ്ങാട്, കുഴുപ്പിള്ളി വടക്കേഭാഗം, എന്നിവിടങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ജനകീയ സമരസമിതി ചെയർമാൻ സനിൽകുമാർ, കൺവീനർ സംജാദ്, സാലി ഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.