വൈപ്പിൻ: വർഷം തോറും രൂക്ഷമാകുന്ന കടലാക്രമണം മൂലം തീരദേശ നിവാസികൾ അനുഭവിക്കുന്ന യാതനകൾക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം. എൽ.എ ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ മുഖ്യ വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
തീരദേശവികസന കോർപ്പറേഷൻ കേന്ദ്ര സർക്കാരിന്റെ പരിഗണനക്ക് സമർപ്പിച്ച 146 കോടി രൂപയുടെ പദ്ധതി, ഇറിഗേഷൻ വകുപ്പ് എ.ഡി.ബി ധനസഹായത്തോടെ 3500 കോടിയുടെ പദ്ധതി, ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയ്യാറാക്കി കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയച്ച 2400 കോടിയുടെ പദ്ധതി എന്നിവ തീരദേശ സംരക്ഷണം ലക്ഷ്യമിട്ടിട്ടുള്ളവയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ചൊവ്വര ശുചീകരണ പ്ലാന്റ് നവീകരണം ഇനിയും വൈകരുത്. 215 കോടിയുടെ മുനമ്പം ഡീ സാലിനേഷൻ പ്ലാന്റ് വേഗം സ്ഥാപിക്കണം. പള്ളിപ്പുറം വഖഫ് ഭൂമി പ്രശ്‌നം, 4.5 കോടിയുടെ ബീച്ച് കോറിഡോർ, 8 കോടിയുടെ കടമക്കുടി ടൂറിസം പദ്ധതി എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.