കുട്ടിയടക്കം കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്ക്
ആലുവ: നിയന്ത്രണം വിട്ട കാർ മേൽപ്പാലത്തിന്റെ അരഭിത്തി ഇടിച്ചുതെറിപ്പിച്ച ശേഷം അഞ്ച് അടിയോളം താഴെയുള്ള സമാന്തര റോഡിലേക്ക് മറിഞ്ഞു. തുടർന്ന് മെട്രോ പില്ലർ 43ലും 44ലും തട്ടിയ ശേഷം എതിർവശത്തെ ബാർ ഹോട്ടലിന്റെ മതിലിൽ ഇടിച്ചുനിന്നു. കുട്ടിയടക്കം കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. കെ.എസ്.ഇ.ബിയുടെ ഡിസ്ട്രിബ്യൂഷൻ ബോക്സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടങ്ങൾ, ചെറിയ തണൽ മരങ്ങൾ ഉൾപ്പെടെ തകർത്താണ് കാർ നിന്നത്.
ഇന്നലെ ഉച്ചക്ക് 12.30ഓടെ ദേശീയപാതയിൽ കളമശേരി റോഡിൽ ആലുവ മാർക്കറ്റ് മേൽപ്പാലം അവസാനിക്കുന്ന ഭാഗത്താണ് സംഭവം നടന്നത്. സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്. യാത്രക്കാരും സ്ത്രീകളായിരുന്നു. പാലം അവസാനിക്കുന്ന ഭാഗത്തായതിനാൽ വൻ ദുരന്തം ഒഴിവായി. പാലത്തിന്റെ മധ്യഭാഗത്ത് 30 അടിയോളം വരെ പാലത്തിന് ഉയരമുണ്ട്. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.