palam
സൗന്ദര്യവത്കരണത്തിനൊരുങ്ങുന്ന തടിക്കക്കടവ് പാലം

നെടുമ്പാശേരി: കരുമാല്ലൂർ - കുന്നുകര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിക്കക്കടവ് പാലം സൗന്ദര്യവത്കരിക്കാൻ പദ്ധതിക്ക് ഭരണാനുമതിയായി. കെൽട്രോണിനാണ് പദ്ധതി നടത്തിപ്പ് ചുമതല.

പാലം ദീപങ്ങളും ചിത്രങ്ങളും കൊണ്ടലങ്കരിച്ച് മനോഹരമാക്കും. സഞ്ചാരികൾക്ക് വന്നിരിക്കാൻ ഇരിപ്പിടങ്ങളും തയ്യാറാക്കും. മറ്റ് വിശ്രമ സൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്.

ആലുവയിൽ നിന്ന് വളരെ എളുപ്പത്തിൽ കുന്നുകരയിൽ എത്താവുന്ന പാലമാണിത്. തടിക്കക്കടവ് പാലം വരെ വീതിയുള്ള റോഡ് ആണെങ്കിലും പാലം കഴിഞ്ഞാൽ അടുവാശേരി വരെ ഒരു കിലോമീറ്റർ വീതി കുറവാണ്. ഈ റോഡും വികസിപ്പിച്ചാൽ ഗതാഗതം ഏറെ സുഖകരമാകും.

ആലങ്ങാട് പഴന്തോട് ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. തോടിന്റെ കരയിൽ മനോഹരമായ വിശ്രമ കേന്ദ്രമായി വികസിപ്പിക്കുന്നതിനൊപ്പം ബോട്ടിംഗും സാദ്ധ്യമാക്കാനാണ് ശ്രമിക്കുന്നത്.ഇതോടൊപ്പം ഏലൂർ ഫെറി സൗന്ദര്യവത്കരണത്തിനുള്ള 94.50 ലക്ഷം രൂപയുടെ പദ്ധതിയും ഉടനെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കും. ഏലൂർഫെറി ലാൻഡ്സ്കേപ്പിംഗ്, കോഫി ഷോപ്പ്, ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിർമ്മാണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

കരുമാലൂർ പഞ്ചായത്ത് കടവ് ആറ്റിപ്പുഴക്കാവ് - തുരുത്ത് പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടൻ ആരംഭിച്ചേക്കും.

കളമശേരി മണ്ഡലത്തിലെ ടൂറിസം സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തടിക്കക്കടവ് പാലം സൗന്ദര്യവൽക്കരിക്കാൻ തീരുമാനിച്ചത്. പരിമിതമായ ടൂറിസം വികസന സാദ്ധ്യതകളാണ് മണ്ഡലത്തിൽ ഉള്ളതെങ്കിലും ലഭ്യമായ സൗകര്യങ്ങൾ മുഴുവൻ പ്രയോജനപ്പെടുത്തും

പി. രാജീവ്

മന്ത്രി

സൗന്ദര്യവത്കരണ പദ്ധതി ചെലവ് 68.92 ലക്ഷം രൂപ

33 കോടി രൂപ ചെലവിൽ സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷന് കീഴിൽ നിർമ്മിച്ച പാലം തുറന്നത് 2015ൽ. നീളം 260 മീറ്റർ. വീതി 11.5 മീറ്റർ. 7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും രണ്ട് മീറ്റർ വീതിയിൽ ഫുട്പാത്തുമുണ്ട്. 2014 നവംബർ 13ന് പാലത്തിന്റെ മൂന്നാമത്തെ ഗർഡറിന്റെ കോൺക്രീറ്റിംഗിനിടെ കൂറ്റൻ തൂണുകളും ഗർഡറുകളും ഇടിഞ്ഞ് പുഴയിലേക്ക് വീണത് ഏറെ വിവാദമായിരുന്നു.