മൂവാറ്റുപുഴ: ഏഴു വർഷങ്ങൾക്ക് ശേഷം കല്ലൂർക്കാട് ചാറ്റുപാറയിലെ വീട്ടിലൂടെ സതി രണ്ടുകാലിൽ നടന്നു. സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനാണ് ഒരു ലക്ഷം രൂപ വില മതിക്കുന്ന കൃത്രിമക്കാലുകൾ സതിയ്ക്ക് സമ്മാനിച്ചത്. കൂലിപ്പണിക്കാരിയായിരുന്ന സതിയുടെ കാലിൽ വന്ന ചെറിയ മുറിവാണ് അവരെ വികലാംഗയാക്കിയത്. ചികിത്സ തേടിയെങ്കിലും ഉണങ്ങാതിരുന്ന മുറിവ് രണ്ട് കാലും മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റേണ്ട അവസ്ഥയിലെത്തിച്ചു. ജീവിതത്തിലെ വരുമാനം നിലച്ചുവെന്ന് മാത്രമല്ല പ്രാഥമിക കൃത്യങ്ങൾക്ക് പോലും ഇഴഞ്ഞ് നീങ്ങേണ്ടി വന്നു. സതിയുടെ ദുരവസ്ഥ അറിഞ്ഞ് ഭിന്ന ശേഷി സംഘടനാ നേതാവ് കെ.കെ. ജയേഷ് വീട്ടിലെത്തി അവസ്ഥ മനസ്സിലാക്കുകയും സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയദലിയെ വിവരം അറിയിക്കുകയും അപേക്ഷ നൽകുകയും ചെയ്തു. അപേക്ഷ പരിശോധിച്ച കോർപ്പറേഷൻ കൃത്രിമ കാലുകൾ സൗജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. കൃത്രിമ കാലുകൾ ലഭിക്കാൻ ഒപ്പം നിന്ന കോർപ്പറേഷൻ ചെയർപേഴ്സൺ ജയദലി, ഡി.എ.ഡബ്ല്യു.എഫ് എറണാകുളം ജില്ലാ വൈസ് പ്രസി പ്രസിഡന്റ് സി.എം. സുനീർ, കല്ലൂർക്കാട്ടെ ഓട്ടോ തൊഴിലാളികളായ എം.കെ. സുരേന്ദ്രൻ, എം.കെ. രാജൻ, നേതൃത്വം നൽകിയ കെ.കെ. ജയേഷ് എന്നിവർക്ക് കൃത്രിമ കാലിൽ നിന്നുകൊണ്ട് സതി ഒരു ബിഗ് സല്യൂട്ട് നൽകി.