കൊച്ചി: ബഷീറും പാത്തുമ്മയും ആനവാരി രാമൻനായരും നാരായണിയും മജീദും സുഹറയും ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മുസ്തഫയും എട്ടുകാലി മമ്മൂഞ്ഞുമെല്ലാം പുസ്തകത്താളുകളിൽ നിന്നിറങ്ങി വന്നു. വെണ്ണല ഗവ.എൽ.പി സ്‌കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുരുന്നുകൾ സംഭാഷണമുൾപ്പെടെ ഇവരെ വേദിയിലെത്തിച്ചപ്പോൾ സദസ് മനസ്സറിഞ്ഞ് കയ്യടിച്ചു. 25ലേറെ കുട്ടികളാണ് ബഷീർ കഥാപാത്രങ്ങൾ അരങ്ങിലെത്തിയത്. ഒരാഴ്ച മുമ്പ് ബഷീർ ദിനം വിപുലമായി ആചരിക്കാൻ അദ്ധ്യാപകരും പി.ടി.എയും തീരുമാനിച്ചത്. മൂന്ന് ദിവസം മുൻപ് ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളാകണമെന്നും എങ്ങനെ ഒരുക്കണമെന്നുമെല്ലാം നിർദ്ദേശം നൽകിയതനുസരിച്ച് രക്ഷിതാക്കൾ വീടുകളിൽ നിന്ന് കുട്ടികളെ കഥാപാത്രങ്ങളായി ഒരുക്കിക്കൊണ്ടു വന്നു. കുരുന്നു ബഷീറിനിരിക്കാൻ ചെറുചാരുകസേര വരെ കൊണ്ടുവന്നിരുന്നു!. അദ്ധ്യാപികമാരായ ലിനി ജോസ്, ബാദിഷ, സുനിത, കോറി, രശ്മി എന്നിവരാണ് കുട്ടി കഥാപാത്രങ്ങൾക്ക് ഫൈനൽ ടച്ച് നൽകിയത്.
ബഷീറിന്റെ സഹോദരൻ ഹനീഫയുടെ പുത്രിയും വെണ്ണല നിവാസിയുമായ റംല അസീസിന്റെ സാന്നിദ്ധ്യവും ചടങ്ങിന് മാറ്റ് കൂട്ടി. ബഷീർ കഥാപാത്രങ്ങളായ കുരുന്നുകളെ അടുത്ത് വിളിച്ച് അഭിനന്ദിച്ചു. മുഖ്യാതിഥിയായ റംലയ്ക്കുള്ള ഉപഹാരമായി നാലാം ക്ലാസുകാരൻ അസ്ലം ബഷീറിന്റെ വാക്കുകളിലൊന്ന് താളിയോല മാതൃകയിൽ പകർത്തി ഫ്രെയിം ചെയ്ത് നൽകി. ബഷീർ ദിനാഘോഷ പരിപാടി വാർഡ് കൗൺസിലർ കെ.ബി. ഹർഷൽ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ ശ്രീജിത്ത് മേപ്പാടത്ത് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ രാജേഷ്. പി.ജി. സ്റ്റാഫ് സെക്രട്ടറി ടി. ജയന്തി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ റഹിം, മൂവാറ്റുപുഴ ചെയർപേഴ്‌സൺ ഷിജിന അനീർ എന്നിവർ സംസാരിച്ചു.