കിഴക്കമ്പലം: പട്ടിമറ്റം കേന്ദ്രമാക്കി മൃഗാശുപത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. പട്ടിമറ്റം വില്ലേജ് അതിർത്തിയിലുള്ള ചേലക്കുളം, കുമ്മനോട്, ചെങ്ങര, നരിക്കുഴി പീടിക, കോലാംകുടി, പട്ടിമറ്റം ടൗൺ, എരപ്പുംപാറ, പുന്നർക്കോട് സ്ഥലങ്ങളിലെ എട്ട് ക്ഷീര സഹകരണസംഘങ്ങളിലായി നൂറുകണക്കിന് കർഷകർ പാൽ അളക്കുന്നുണ്ടങ്കിലും മൃഗാശുപത്രിയില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ദിവസങ്ങളായി കിഴക്കമ്പലം, പട്ടിമറ്റം മേഖലകളിൽ വ്യാപകമായി കുളമ്പ് രോഗം വ്യാപിച്ചതോടെ ആശങ്ക വർദ്ധിച്ചു. നിലവിൽ മൃഗാശുപത്രിയിൽ പോകേണ്ടവർ 11 കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് പെരിങ്ങാലയിലെത്തണം. ഇതിനായി 1500 രൂപയിലധികം ചെലവ് വരും. അതു കൊണ്ട് പലപ്പോഴും ക്ഷീര കർഷകർ സ്വകാര്യ ആശുപത്രികളെയോ മൃഗഡോക്ടർമാരെയോ സമീപിക്കുകയാണ് പതിവ്. മൃഗാശുപത്രി തുടങ്ങുന്നതിന് നടപടി വേണമെന്ന് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി ആവശ്യപ്പെട്ടു.